Spread the love
ഈ വൃക്ഷം സംരക്ഷിക്കാൻ ഒരു വർഷം 12 ലക്ഷം രൂപ; കാവലിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ

ഉന്നത പദവിയിലിരിക്കുന്നവർക്ക് ഭരണകൂടം സുരക്ഷാ ഒരുക്കാറുണ്ട്. എന്നാൽ രാജ്യത്ത് 12 ലക്ഷം രൂപ പരിചരണത്തിന് ചെലവഴിക്കുന്ന ഒരു വൃക്ഷം ഉണ്ട്. കാവലിന് സുരക്ഷാ ഉദ്യോഗസ്ഥരും. ഈ മരത്തിന് സംഭവിക്കുന്ന ഓരോ കേടുപാടുകളും ഭരണകൂടത്തിന് ആശങ്കയുണ്ടാക്കും. ഏതാണ് ഈ മരം എന്നല്ലേ..? മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലാണ് ഈ മരം ഉള്ളത്. സാക്ഷാൽ ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ച ബോധി വൃക്ഷമാണിത്. അതുകൊണ്ടാണ് ഈ മരത്തിന് ഒരു കുറവും വരുത്താതെ സുരക്ഷാ ഉദ്യോഗസ്ഥർ നോക്കുന്നതും. 24 മണിക്കൂറും കാവലിന് സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. മാത്രവുമല്ല മരത്തിന് ഒരു കുറവും വരുന്നില്ലെന്ന് കൃത്യമായ അന്വേഷണവും നടക്കാറുണ്ട്.

വർഷം ഏകദേശം 12 ലക്ഷം രൂപയാണ് മരത്തിന്റെ പരിചരണത്തിനായി ചെലവഴിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശ്രീലങ്കയിലെ അനുരാധപുരയിൽ യഥാർഥ ബോധിവൃക്ഷത്തിന്റെ ഒരു ശിഖരം എത്തിച്ച് അവിടെ നട്ടു വളർത്തിയിരുന്നു. എന്നാൽ 2012ൽ ഇന്ത്യ സന്ദർശിച്ച അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ അനുരാധപുരയിലെ ബോധിവൃക്ഷത്തിൽ നിന്നു എടുത്തുകൊണ്ടുവന്ന ശിഖരമാണ് ഇന്ന് വൻവൃക്ഷമായി വളർന്നിരിക്കുന്നത്. സലാമത്പൂരിലെ ബുദ്ധിസ്റ്റ് സർവകലാശാലയിലെ ഒരു കുന്നിനു മുകളിലായാണ് ഈ ബോധിവൃക്ഷം വളരുന്നത്.

ഈ ബോധിവൃക്ഷത്തിന് 15 ദിവസം ഇടവിട്ട് പ്രത്യേക മെഡിക്കൽ ചെക്കപ്പും കാവലിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. പ്രതിവർഷം 12 മുതൽ 15 ലക്ഷം രൂപ വരെ മരത്തിന്റെ സംരക്ഷണത്തിനായി മാത്രമായി ചെലവാക്കുന്നുണ്ട്. ബോധി വൃക്ഷത്തിനു വേണ്ട വെള്ളം ശേഖരിക്കുന്നതിനായി മാത്രം ഒരു പ്രത്യേക വാട്ടർ ടാങ്കും ഇവിടെ നിർമിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ആഴ്ചയും ഉന്നത ഉദ്യോഗസ്ഥർ എത്തി ചെക്കപ്പും മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ നിന്നും ബോധിവൃക്ഷത്തിന് കേടുപാടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി ചുറ്റും വേലിയും സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply