Spread the love

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങി പിഴയടയ്ക്കാൻ നോട്ടിസ് ലഭിക്കുന്നവർക്ക് അപ്പീലിന് 14 ദിവസം അനുവദിച്ചത് വാഹന നമ്പർ ദുരുപയോഗം എന്ന സാധ്യത മുന്നിൽകണ്ടാണ്. ഒരാളെ ഉപദ്രവിക്കാൻ അയാളുടെ വാഹനനമ്പർ എഴുതി മറ്റൊരു വണ്ടിയിൽ ഘടിപ്പിച്ചു ഗതാഗതലംഘനം നടത്തിയാൽ പിഴ നോട്ടിസ് വണ്ടിയുടമയുടെ വീട്ടിലെത്തും.

തന്റെ വാഹനം അതുവഴി പോയിട്ടില്ലെന്നോ ഗതാഗത നിയമലംഘനം ഉണ്ടായിട്ടില്ലെന്നോ ബോധ്യമുണ്ടെങ്കിൽ അപ്പീൽ നൽകാം. ജില്ലാ എൻഫോഴ്സ്മെന്റ് അതോറിറ്റിക്കു പരാതി നൽകാം. കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നേരിട്ടു പരിശോധിച്ച് ബോധ്യപ്പെടാനാകും. കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായാൽ അപ്പോൾ തന്നെ പിഴ നോട്ടിസ് റദ്ദാക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അധികാരമുണ്ട്.

അതീവസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കണമെന്ന കേന്ദ്രനിർദേശം ഉണ്ടെങ്കിലും കേരളത്തിൽ ഇതു പുതുതായി റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ മാത്രമേ നിർബന്ധമാക്കിയിട്ടുള്ളൂ. ഓൺലൈൻ വഴി അപ്പീൽ നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും.

എസ്എംഎസും നോട്ടിസും വരും:

ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. റോഡ് ക്യാമറ സംവിധാനത്തിൽ പിഴ നോട്ടിസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർടി ഓഫിസുകളിൽ നേരിട്ടെത്തിയും പിഴ അടയ്ക്കാം.

പിഴ നിശ്ചയിക്കുന്നത് വെർച്വൽ കോടതി:

സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങൾക്കുള്ള പിഴ നിശ്ചയിക്കുന്നതു മോട്ടർ വാഹന വകുപ്പ് ക്രമീകരിച്ചിരിക്കുന്ന വെർച്വൽ കോടതിയാണ്. കൊച്ചിയിലാണു വെർച്വൽ കോടതി പ്രവർത്തിക്കുന്നത്.

ആർക്കും ഇളവില്ല: മന്ത്രി

ഗതാഗതമന്ത്രിയായ തന്റെ വണ്ടിക്കും പിഴ അടിച്ചിട്ടുണ്ടെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. തന്റെ പേരിലുള്ള കാർ മകൻ ഉപയോഗിച്ച ദിവസം നഗരത്തിൽ അരിസ്റ്റോ ജംക്‌ഷനിൽ അനധികൃത പാർക്കിങ്ങിനായിരുന്നു പിഴ അടയ്ക്കേണ്ടിവന്നത്. നിയമം എല്ലാവർക്കും ഒരു പോലെയാണെന്നും വിഐപി വാഹനങ്ങൾക്കു പിഴയിളവ് ഇല്ലെന്നും മന്ത്രി പറഞ്ഞു. അഴിമതി ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള മൂപ്പിളമത്തർക്കത്തിന്റെ ഭാഗമാണ്.

ലൈസൻസ് കിട്ടുംമുൻപ് അപകടമരണം:

സംസ്ഥാനത്ത് വർഷം അപകടത്തിൽ മരിക്കുന്നതിൽ 12 മുതൽ 18 വയസ്സു വരെ പ്രായമുള്ളവർ ശരാശരി 200 പേരെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. മരിക്കുന്നവരിലും ഗുരുതരമായി പരുക്കു പറ്റുന്നവരിലും ഇരുചക്രവാഹന യാത്രക്കാരായ യുവാക്കളാണു കൂടുതൽ. ലൈസൻസ് ലഭിക്കാനുള്ള പ്രായമാകുന്നതിനു മുൻപുള്ളവരാണ് ഈ 200 പേർ. പ്രതിവർഷം കേരളത്തിൽ മരിക്കുന്ന നാലായിരത്തോളം പേരിൽ കൂടുതലും യുവാക്കളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പരുക്കു പറ്റുന്നവരിൽ 30% പേർ അംഗ വൈകല്യം സംഭവിക്കുകയോ ജീവിതകാലം മുഴുവൻ കിടപ്പിലാകുന്നവരോ ആണ്. പ്രതിവർഷം നാൽപതിനായിരത്തിലധികം റോഡ് അപകടങ്ങൾ ഉണ്ടാകുന്ന കേരളം ഇക്കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണ്. ജനസംഖ്യയുടെ 2.76 % മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1% കേരളത്തിലാണ്. 2022-ൽ കേരളത്തിൽ 43,910 റോഡപകടങ്ങളിൽ 4,317 പേർ മരിച്ചു. 49,307 പേർക്ക് ഗുരുതരമായ പരുക്കേറ്റു. 2023 ഏപ്രിൽ വരെ 16,528 റോഡപകടങ്ങളിൽ 1,447 പേർ മരിക്കുകയും 19,015 പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തു.

എമർജൻസിക്ക് പിഴയില്ല:

എമർജൻസി വാഹനങ്ങൾക്ക് പിഴ ഈടാക്കില്ല. പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വിഭാഗം എന്നിവരുടെ വാഹനങ്ങൾക്കാണ് ഇളവ്. മന്ത്രിവാഹനങ്ങൾ അത്യാവശ്യമായി കടന്നുപോകേണ്ടുതുണ്ടെങ്കിൽ അതിനുമുന്നിൽ പൊലീസിന്റെ പൈലറ്റ് വാഹനം ഉണ്ടാകും. ഇൗ സാഹചര്യത്തിൽ പിഴ ഈടാക്കില്ല.

പിഴ ഓൺലൈനായും ആർടിഒയിലും അടയ്ക്കാം:

പിഴ നോട്ടിസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർടി ഓഫിസുകളിൽ നേരിട്ടെത്തിയും പിഴ അടയ്ക്കാം. പിഴ അടയ്ക്കാതെ പതിവായി ഗതാഗത ലംഘനത്തിനു ക്യാമറയിൽ കുടുങ്ങുന്ന വാഹനങ്ങളെ വിലക്കുപട്ടികയിൽ പെടുത്തും.

Leave a Reply