
ബെംഗളൂരു∙ ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ ചരിത്രം കുറിക്കുമോ എന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ.
ബഹിരാകാശത്തെ അതികായൻമാരായ റഷ്യ തോറ്റുപോയിടത്താണ് ഇന്ത്യ പുതുചരിത്രം കുറിക്കാൻ ശ്രമിക്കുന്നത്. ചന്ദ്രയാൻ ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രാണ് ചന്ദ്രനിൽ ഇതിന് മുൻപ് സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. ചന്ദ്രയാൻ രണ്ട് വിക്ഷേപണം പരാജയപ്പെട്ടെങ്കിലും നാല് വർഷത്തിനുശേഷം വീണ്ടും കൂടുതൽ കൃത്യതയോടെ വിക്ഷേപണം നടത്തുകയാണ് ഐഎസ്ആർഒ.
ഭീതിയുടെ 20 മിനിറ്റ്’
ഇതുവരെ എല്ലാം കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി പറഞ്ഞു. എന്നാൽ ലാൻഡർ മൊഡ്യൂളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഓഗസറ്റ് 27 വരെയുള്ള ദിവസങ്ങളിലേക്ക് ലാൻഡിങ് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ലൂണ –25 ദൗത്യം പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യ ചാന്ദ്രപര്യവേക്ഷക ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ശ്രമിക്കുന്നത്. ‘ഉദ്വേഗത്തിന്റെ 20 മിനിറ്റ്’ എന്നാണ് വിദഗ്ധർ ലാൻഡർ ചന്ദ്രനിൽ ഇറക്കുന്ന സമയത്തെ വിശേഷിപ്പിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾത്തന്നെ ഒന്നാം ഘട്ടമായി പേടകത്തിന്റെ വേഗത കുറയ്ക്കാൻ തുടങ്ങും. അവിടെവച്ചാണ് പവേഡ് ബ്രേക്കിങ് ആരംഭിക്കുന്നത്. അത്രനേരം 90 ഡിഗ്രിയില്‍ തിരശ്ചീനമായി അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ പാകത്തില്‍ ലംബമായ രീതിയിലേക്കു മാറ്റുകയെന്നാണ് വെല്ലുവിളി. അതിനു വേണ്ടി ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് വേഗം കുറയ്ക്കുകയാണ് ആദ്യപടി. റഫ് ബ്രേക്കിങ് ഫെയ്‌സ് എന്ന ഈ ഘട്ടം 690 സെക്കന്‍ഡ് നീളും. സമാന്തര ദിശയിൽനിന്ന് ലംബ ദിശയിലേക്ക് മാറ്റുന്നതിനിടെയാണ് ചന്ദ്രയാൻ 2 പ്രശ്നം നേരിട്ടത്.
7.42 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ രണ്ടാം ഘട്ടം ആരംഭിക്കും. 10 സെക്കന്‍ഡ് നീളുന്ന ഓള്‍ട്ടിറ്റ്യൂഡ് ഹോള്‍ഡ് ഫെയ്‌സ് ആണ് നടക്കുക. ചന്ദ്രനുമായുള്ള ഉയരം 6.8 കി.മീ. ആയി കുറയ്ക്കും. ഈ ഘട്ടത്തിലും ലാന്‍ഡര്‍ അല്‍പാല്‍പമായി ചെരിവു നിവര്‍ത്തും.6.8 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ രണ്ട് ത്രസ്റ്റർ എൻജിനുകൾ പ്രവർത്തനരഹിതമാക്കും. മറ്റ് രണ്ട് എൻജിനുകൾ ഉപയോഗിച്ച് ലാൻഡർ നീങ്ങും. 175 സെക്കന്‍ഡ് നീളുന്ന ഫൈന്‍ ബ്രേക്കിങ് ഫെയ്‌സ് നടപ്പാക്കും. ഇതോടെ ലാന്‍ഡര്‍ പൂര്‍ണമായി ചെരിവു നിവര്‍ത്തി വെര്‍ട്ടിക്കലാവും. ചന്ദ്രന് 800-1000 മീറ്റര്‍ അടുത്തെത്തി ലാന്‍ഡിങ്ങിന് തയാറാവും. സെന്‍സറുകള്‍ അവസാനഘട്ട പരിശോധനകള്‍ നടത്തും.
തുടര്‍ന്ന് ചുറ്റിപ്പറക്കുന്ന ലാന്‍ഡറും ചന്ദ്രനും തമ്മിലുള്ള അകലം 150 മീറ്ററായി കുറയും. സുരക്ഷിതമായ ലാന്‍ഡിങ് ഉറപ്പാക്കാനായി ഹസാഡ് വേരിഫിക്കേഷന്‍ വീണ്ടും നടക്കും. പതുക്കെ ചന്ദ്രനോടു കൂടുതല്‍ അടുക്കുന്ന ഘട്ടമാണ് അടുത്തത്. ടെര്‍മിനല്‍ ഡിസെന്റ് ആണ് അവസാനഘട്ടം. പരമാവധി വേഗം മണിക്കൂറില്‍ 10.8 കി.മീ. എന്ന രീതിയില്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക്. ഒടുവില്‍ നിലംതൊടല്‍. ഇതിനിടെ ലാന്‍ഡര്‍ കാലുകള്‍ നിലത്തുറപ്പിക്കാന്‍ 12 ഡിഗ്രി ചെരിയും. ഇതോടെ ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യ. തുടര്‍ന്ന് 25-ന് മാത്രമേ ലാന്‍ഡറില്‍നിന്ന് റോവര്‍ പുറത്തുവരൂ.150–100 മീറ്റർ ഉയരത്തിലെത്തുമ്പോൾ ലാൻഡർ സെൻസറും ക്യാമറയും ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലം പരിശോധിച്ച് പ്രതിബന്ധങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കും. ലഭിക്കുന്ന വിവരങ്ങൾ അപഗ്രഥിച്ച്, ലാൻഡർ 60 മീറ്റർ വരെ ഇടത്തേക്കോ വലത്തേക്കോ മാറ്റാൻ സാധിക്കും. പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സെൻസർ കണ്ടെത്തിയാൽ മാത്രമേ ലാൻഡർ ഇറക്കുകയുള്ളു. 20 മിനിറ്റിനുള്ളിലായിരിക്കും ഇത്രയും കാര്യങ്ങൾ സംഭവിക്കുന്നത്. അതിനാലാണ് ഇതിനെ ‘ഭീതിയുടെ 20 മിനിറ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്. ബുധനാഴ്ച വൈകീട്ട് 6.04നാണ് ലാൻഡിങ് സമയം നിശ്ചയിച്ചിരിക്കുന്നത്.