കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തെ തുടർന്ന് പരിപാടിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ ചിലവിട്ട് നടന്ന ഗിന്നസ് നൃത്തത്തിന്റെ ഉദ്ദേശ ശുദ്ധിയിലേക്കും സംശയങ്ങൾ നീളുന്നു.’കല്യാൺ സിൽക്സിൽ നിന്ന് ഒരു സാരി 390 രൂപക്ക് വാങ്ങി പിള്ളേർക്ക് 1600 രൂപയ്ക്ക് കൊടുത്ത് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പ്രോഗ്രാം നടത്തിയ സംഘാടകരെ സമ്മതിക്കണം’ എന്നും ‘പണം കൊടുത്ത് ഡാൻസ് കളിക്കാൻ വന്നത് കുട്ടികൾ എന്നാൽ അവസാനം ഗിന്നസ് റെക്കോർഡുമായി വീട്ടിൽ പോയത് ദിവ്യ ഉണ്ണി’ എന്നും തുടങ്ങി വിമർശനാത്മകമായ കമ്മെന്റുകളാണ് പൊതുജനം സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്നത്.
മൃദംഗവിഷൻ എന്ന മാഗസിന്റെ ആഭിമുഖ്യത്തിൽ ‘മൃദംഗനാദം’ എന്ന പേരിൽ നടിയും നർത്തകിയുമായ ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 പേരുടെ ഭരതനാട്യമായിരുന്നു കലൂർ സ്റ്റേഡിയത്തിൽ വച്ച് നടന്നത്. കേരളത്തിൽ നിന്നുമാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്ന്പോലും എത്തി പലരും പങ്കുചേർന്ന ഈ ഗിന്നസ് നൃത്തത്തിലൂടെ റെക്കോർഡ് ലഭിച്ചത് ദിവ്യാ ഉണ്ണിക്ക് മാത്രമല്ലേയെന്നും ഇതിനായി ഓരോരുത്തരും എന്തിന് ക്യാഷ് അങ്ങോട്ട് കൊടുക്കണമെന്നുമാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. ഓരോ നര്‍ത്തകരില്‍ നിന്നുംമൃദംഗവിഷൻ പിരിച്ചത് 5000 മുതല്‍ 8500 രൂപ വരെയാണ്. കല്യാൺ സിൽക്സിന്റെ വിലകൂടിയ പട്ടുസാരിയാണ് ഉപയോഗിക്കുന്നതെന്ന ന്യായീകരണമായിരുന്നു സംഘാടകർ എടുത്തുകാട്ടിയത്. ഇത് കല്യാൺ സിൽക്‌സ് തന്നെ രംഗത്തെത്തി പൊളിച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാൻ ഒരു നര്‍ത്തകി നല്‍കിയത് 5100 രൂപയായിരുന്നു. രജിസ്‌ട്രേഷന്‍ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്‍കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് കല്യാൺ നിർമിച്ചു നൽകിയ സാധാരണ കോട്ടണ്‍ സാരിയായിരുന്നു എന്നും ഇവർ പറയുന്നു. വിവാദം കത്തി പടർന്നതോടെ ഇക്കാര്യം കല്യാൺ സിൽക്‌സ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 12,500 സാരികൾ നിർമിച്ചുനൽകാൻ ആവശ്യപ്പെട്ടാണ് സംഘാടകർ തങ്ങളെ സമീപിച്ചതെന്നും സാരി ഒന്നിന് 390 രൂപ എന്ന കണക്കിലാണ് ഓർഡർ സ്വീകരിച്ചതെന്നും കല്യാൺ സിൽക്‌സ് ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. കാര്യങ്ങൾ വിശകലനം ചെയുമ്പോൾ സാരി ഒന്നിൽ തന്നെ സംഘാടകർ 1210 രൂപ പറ്റിച്ചതായി കാണാം.
കല്യാൺ സിൽക്‌സ്, ജോയ് ആലുക്കാസ് എന്നിവർ പ്രധാന സ്പോൺസർമാർ ആയും കൂടെ മറ്റു ചിലരും ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ ഈ വഴി ലഭിച്ച ലക്ഷങ്ങൾ ഒക്കെ എവിടെ ചിലവഴിച്ചുവെന്നും ചോദ്യമുയരുന്നുണ്ട്. സുരക്ഷിതമായ ഒരു ഉദ്‌ഘാടന വേദിപോലും നിർമിക്കാൻ സംഘാടകർക്ക് ആയിട്ടില്ലെങ്കിലും പറ്റിപ്പിലൂടെ വൻ തുക കീശയിലാക്കാൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.
അയ്യായിരം മുതൽ എട്ടായിരം വരെ നർത്തകരിൽ നിന്നും പിരിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോൾ മിനിമം ആറു കോടിയെങ്കിലും സംഘാടകരുടെ പോക്കറ്റിൽ എത്തിയിട്ടുണ്ട്. പരസ്യം വഴി കിട്ടിയ ലക്ഷങ്ങൾ വേറെയും . നൃത്തത്തിന്റെ പേരിൽ പ്രബുദ്ധ കേരളത്തിലാണ് ഇത്രയും വലിയ വെട്ടിപ്പ് നടന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്ത് ഗിന്നസ് നൃത്തത്തിൽ പങ്കെടുത്ത നർത്തകർക്ക് ഗിന്നസുമില്ല വൻ പറ്റിപ്പിനിരയായതിന്റെ വിഷമം വേറെയും. സ്വന്തം കയ്യിൽ നിന്നും കാശും അധ്വാനവും സമയവും ചിലവാക്കി മറ്റാർക്കോ റെക്കോർഡ് നേടിക്കൊടുത്തതിന്റെ ചതി തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പിലാണ് മാധ്യമങ്ങളോട് പ്രതികരിച്ച പല നർത്തകരും.
മൃദംഗവിഷൻ എന്ന മാഗസിൻ ആയിരുന്നു പരിപാടി നടത്തിയത്. കോവിഡ് കാലത്ത് കമ്പനിക്കുണ്ടായ സാമ്പത്തിക ബാധ്യതകളിൽ നിന്നും കരകയറാനുള്ള ഒരു ടൂൾ ആയാണ് ദിവ്യ ഉണ്ണി നയിച്ച റെക്കോർഡ് നൃത്തത്തെ മൃദംഗവിഷൻ കണ്ടത്. സ്പോണ്സർമാരുടെ കയ്യിൽ നിന്നും പരസ്യ ഇനത്തിൽ ലക്ഷങ്ങൾ വാങ്ങിയ വഴിയിലും സാരി ഇനത്തിൽ വെട്ടിപ്പ് നടത്തിയും രെജിസ്ട്രേഷൻ വഴി കൈക്കലാക്കിയതും വച്ചു നോക്കുമ്പോൾ വൻ തുക കയ്യിലിരിക്കെ ഒരു സുരക്ഷിതമായ സ്റ്റേജ് പോലും മൃദംഗവിഷന് സാധിച്ചില്ലെന്നതാണ് പരിതാപകരമായ കാര്യം. ഫയർ ഫോഴ്സ്, പോലീസ് എന്നിവർ അനുമതി നൽകിയ ശേഷമാണോ പരിപാടിയുമായി സംഘാടകർ മുന്നോട്ട് പോയത് എന്നും ഇനിയും പരിശോധിക്കേണ്ട വസ്തുതയാണ്.
രജിസ്ട്രേഷൻ, വസ്ത്രം, സ്പോൺസർഷിപ്പ് തുടങ്ങിയവയിൽ നടത്തിയ കൊള്ളകൾക്ക് പുറമേ ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകൾ വിറ്റും കൊച്ചിൻ മെട്രോയുമായി ചേർന്നിറക്കിയ ഓഫറുകളിലൂടെയും വേറെയും പണക്കൊള്ളകൾ സംഘാടകർ നടത്തിയിട്ടുണ്ട്. നൂറു കുട്ടികളെ പരിപാടിയിലേക്ക് പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകർക്ക് സ്വർണ്ണനാണയവും ഒരു കുട്ടിക്ക് 900 എന്ന കണക്കിൽ ഒരു ലക്ഷത്തിന് മുകളിൽ ഗുരുദക്ഷിണ എന്ന മോഹന വാഗ്ദാനവും നൽകിയാണ് സംഘാടകർ പരിപാടിയിലേക്ക് ആളെ കൂട്ടിയത്.
എന്തായാലും ഉമ തോമസിന്റെ വീഴ്ചയോടെ സംഭവം വിവാദം ആവുകയും കമ്പനിയുടെ അക്കൗണ്ട് അടക്കമുള്ളവ നിശ്ചലമാക്കിയതിനെയും തുടർന്ന് പരിപാടിയിലേക്ക് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചവരും കബളിപ്പിക്കപ്പെട്ട നിലയിലാണ്. വിവിധ ഡാൻസ് സ്കൂളുകളിൽ നിന്ന് ഉൾപ്പെടെ നിരവധി നർത്തകരാണ് പരിപാടിയുടെ ഭാഗമായത്. പരിപാടിയുടെ വിശ്വാസതയും ഗുണവും വിശകലനം ചെയ്യാതെ സ്വന്തം വിദ്യാർത്ഥികളെയും ഇതുപോലൊരു വലിയ വെട്ടിപ്പിന് ഇരയാക്കിയ അധ്യാപകരും ഒരേപോലെ കുറ്റക്കാരാണ് എന്നാണ് പൊതുജന അഭിപ്രായം. സ്വർണ്ണനാണയം എന്നും ഒരു വിദ്യാർത്ഥിക്ക് 900 രൂപ വച്ച് ഒരു ലക്ഷത്തിനു മുകളിൽ ഗുരുദക്ഷിണ എന്നും കേട്ടപ്പോൾ കണ്ണു തള്ളി പോയതിന്റെ ഫലമല്ലേ അധ്യാപകരെ വിശ്വസിച്ച് വൻ പറ്റിപ്പിന് ഇരയായ വിദ്യാർത്ഥികൾ ഇപ്പോൾ അനുഭവിക്കുന്നത് എന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം പണത്തിന് വേണ്ടി മാത്രം നടത്തുന്ന ഇത്തരം ചില പരിപാടികൾ കാരണം ബലിയാടാകുന്നത് നിരപരാധികൾ ആണെന്നും ഉമാ തോമസിന്റെ കാര്യം എടുത്താൽ തന്നെ എം.എൽ.എ ആയതു കൊണ്ട് മാത്രമാണ് ലക്ഷങ്ങൾ ചിലവിട്ട വിദഗ്ദ ചികിത്സ ലഭിച്ചതെന്നുംതൽസ്ഥാനത്ത് ഒരു കൂലി പണിക്കാരനാണ് ഇത് സംഭവിച്ചിരുന്നെങ്കിൽസ്ഥിതി മാറിയേനെ എന്നും ചിലർ പറയുന്നു. മാധ്യമപ്രവർത്തകർ അന്നേ ദിവസം മാത്രമായിരിക്കും ആ വാർത്ത കൊടുക്കുക എന്നും പിന്നീട് പരിക്കേറ്റയാൾ അവൻ്റെ കുടുംബത്തിന്റെ മാത്രം ബാധ്യത ആയിമാറുമെന്നും മറ്റു ചിലർ നിരീക്ഷിക്കുന്നു.