തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ ടി.പി.ചന്ദ്രശേഖരൻ വധം സിപിഎമ്മിനെ വീണ്ടും വേട്ടയാടുന്നു. രക്തസാക്ഷികളുടെ ഓർമകൾ പ്രചോദിപ്പിക്കുന്ന അതേ പാർട്ടിയെ ഒരു രക്തസാക്ഷി കുത്തിനോവിക്കുകയാണ്. ഹൈക്കോടതി വിധിന്യായവും പരാമർശങ്ങളും വന്നതോടെ, സിപിഎം ഒട്ടും ആഗ്രഹിക്കാത്ത സമയത്താണു ടിപി വീണ്ടും ചർച്ചകളിൽ എത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി ഔദ്യോഗികമായി പ്രഖ്യാപിച്ച അതേ ദിവസമാണു ജനാധിപത്യ മൂല്യങ്ങൾക്കു തന്നെ ഭീഷണി ഉയർത്തുന്ന കൊലപാതകമായി ടിപി വധത്തെ ഹൈക്കോടതി വിശേഷിപ്പിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയം ഉൽപാദിപ്പിച്ച് ഇല്ലാതാക്കാനുള്ള ഏതു ശ്രമവും കർശനമായി നേരിടണം. വിമത ശബ്ദത്തെ ഇല്ലായ്മ ചെയ്യാനുള്ള ഏതു കുറ്റകൃത്യവും ഭരണഘടനയോടുള്ള വെല്ലുവിളിയാണ് – ഹൈക്കോടതി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പു തൊട്ടുമുന്നിൽ നിൽക്കെ ജനാധിപത്യ മൂല്യങ്ങൾ കശാപ്പു ചെയ്തതിന് ഭരണകക്ഷി ഹൈക്കോടതിയുടെ പ്രതിക്കൂട്ടിൽ നിന്നു. പ്രചാരണരംഗത്ത് സിപിഎമ്മിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വന്നിരിക്കുന്ന ആദ്യ രാഷ്ട്രീയ വിഷയവും ടിപി കേസ് തന്നെ.
166 പേജുള്ള വിധിന്യായം ടിപിയുടേതു രാഷ്ട്രീയ കൊലപാതകമാണെന്നും ആർഎംപി രൂപവൽക്കരണത്തോട് ഒരു വിഭാഗം പാർട്ടി നേതാക്കളുടെ അസഹിഷ്ണുതയാണ് അതിനു കാരണമെന്നും പറയുന്നു. വിചാരണക്കോടതി നൽകിയതിലും ഇരട്ടി ശിക്ഷയാണ് ഇളവു തേടി പോയ പ്രതികൾക്കു ഹൈക്കോടതി നൽകിയത്. പ്രതി മരണമടഞ്ഞു എന്നതു കൊണ്ട് നീതി നിശ്ശബ്ദമാകില്ലെന്ന്, പ്രതികളിലൊരാളായ പി.കെ.കുഞ്ഞനന്തന്റെ കുടുംബം കെ.കെ.രമയ്ക്കു നഷ്ടപരിഹാരം നൽകണമെന്ന വിധിയിലൂടെ ഹൈക്കോടതി ഓർമിപ്പിക്കുകയും ചെയ്തു.
വിധിയെ സ്വാഗതം ചെയ്ത്, ആ അരുംകൊലയോട് അകലം പാലിക്കാനാണ് സിപിഎം നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ പ്രതികൾക്കും അവരുടെ കുടുംബങ്ങൾക്കും പാർട്ടി നൽകിവരുന്ന പിന്തുണയും സഹായവും രഹസ്യമല്ല. കൊലയിൽ പങ്കില്ലെന്ന പാർട്ടിയുടെ അവകാശവാദത്തെ 2014 ലെ വിചാരണക്കോടതി വിധിയും ഇപ്പോൾ ഹൈക്കോടതി വിധിയും പൂർണമായും നിരാകരിക്കുന്നു. കെ.കെ.രമ പറയുന്ന ഗൂഢാലോചനാ വാദത്തെ സാധൂകരിക്കുന്ന തരത്തിൽ ആ കുറ്റം ചുമത്തി രണ്ടുപേരെ കൂടി ഹൈക്കോടതി ശിക്ഷിക്കുകയും ചെയ്തു. ഉന്നതങ്ങളിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാനായുളള നിയമയുദ്ധം തുടരുമെന്നു രമ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ 2012 മേയ് 4ന് സംഭവിച്ച നിഷ്ഠുര കൊലപാതകം ഉണ്ടാക്കുന്ന തുടർചലനങ്ങൾ ഇതുകൊണ്ടും അവസാനിക്കില്ല.