Spread the love

വെളിച്ചം തട്ടിയാല്‍ പലതവണ നിറം മാറുകയും ഉരുകുകയും ചെയ്യുന്ന സ്ഫടിക പദാര്‍ഥം കണ്ടെത്തി ഗവേഷകര്‍. ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയിലെ ഒരു കൂട്ടം കെമിസ്റ്റുകളാണ് ഈ കണ്ടെത്തലിനു പിന്നില്‍. അള്‍ട്രാ വയലറ്റ് ലൈറ്റ് തുടര്‍ച്ചയായി അടിക്കുമ്പോള്‍ ഖരരൂപത്തിലുള്ള സ്ഫടിക പദാര്‍ഥം ദ്രാവകരൂപത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്.

വെളിച്ചം തട്ടിയാല്‍ സ്ഫടിക പദാര്‍ഥങ്ങള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നത് ആദ്യമായല്ല ശാസ്ത്രം കണ്ടെത്തുന്നത്. ഫോട്ടോ ഇന്‍ഡ്യൂസ്ഡ് ക്രിസ്റ്റല്‍ ടു ലിക്വിഡ് ട്രാന്‍സിഷന്‍ (PCLT) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. എങ്കിലും വെളിച്ചം അടിക്കുമ്പോള്‍ നിറവും രൂപവും മാറുന്ന ഈ പ്രതിഭാസത്തെ കൂടുതല്‍ അറിയാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. കെമിക്കല്‍ സയന്‍സിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആദ്യം വെളിച്ചം തട്ടുമ്പോള്‍ പച്ചയും പിന്നീട് മഞ്ഞയുമായാണ് ഈ സ്ഫടിക പദാര്‍ഥം നിറം മാറുന്നത്. അള്‍ട്രാവയലറ്റ് വെളിച്ചം തട്ടുമ്പോള്‍ ഈ രീതിയില്‍ നിറം മാറുന്ന ഒരു പ്രകൃതി നിര്‍മിത വസ്തുവിനെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് രസതന്ത്ര ശാസ്ത്രജ്ഞനായ മാവോ കൊമുറ പറഞ്ഞു. ഹെറ്ററോഅരോമാറ്റിക് ഡിക്‌റ്റോണ്‍ എന്നു വിളിക്കുന്ന ഈ പദാര്‍ഥത്തെ SO എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. സള്‍ഫറും ഓക്‌സിജനും ഇതിന്റെ വലയങ്ങളില്‍ കണ്ടെത്തിയ ശേഷമാണ് ഇങ്ങനെയൊരു പേരു ലഭിക്കുന്നത്.

ആദ്യം അള്‍ട്രാ വയലറ്റ് വെളിച്ചം കടന്നു പോവുമ്പോള്‍ നേരിയ പച്ച വെളിച്ചമാണ് ഇതു പുറത്തുവിടുക. അതേസമയം കൂടുതല്‍ സമയം വെളിച്ചം കടത്തിവിടുന്നതോടെ പച്ച നിറം മാറി മഞ്ഞയായി മാറുകയും ചെയ്യുന്നു. ഇതിനു ശേഷം പതിയെ ഉരുകാനും തുടങ്ങുന്നു. ആദ്യ ആറു സെക്കന്‍ഡ് വരെ പച്ച നിറവും പിന്നീട് 19ാം സെക്കന്‍ഡു മുതല്‍ മഞ്ഞ നിറവുമാണ് SOക്കുള്ളത്. ഏതാണ്ട് ഒരു മിനിറ്റ് കഴിയുന്നതോടെ ഈ പദാര്‍ഥത്തില്‍ മഞ്ഞ നിറം നിറയുന്നു. ആറു മിനിറ്റിലേറെ തുടര്‍ച്ചയായി അള്‍ട്രാ വയലറ്റ് വെളിച്ചം അടിക്കുമ്പോഴാണ് സ്ഫടിക പദാര്‍ഥം ഖര രൂപത്തില്‍ നിന്നും ദ്രാവകത്തിലേക്കു മാറുന്നത്.

Leave a Reply