കാട്ടാക്കട ∙ തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രണയിച്ച് വിവാഹം കഴിച്ച് 15–ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ എട്ടു മാസത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി–28) ആണ് അറസ്റ്റിലായത്. തണ്ണിച്ചാംകുഴി സോന ഭവനിൽ സോന(22) യാണ് മരിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം. പതിമൂന്നാം ദിനം സോന ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പി സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ജൂലൈയില്‍ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സോനയെ കണ്ടത്. ഓട്ടോ ഡ്രൈവറായ വിപിനും സോനയും ഒന്നര വര്‍ഷത്തോളം പ്രണയിച്ചശേഷമായിരുന്നു വിവാഹം കഴിച്ചത്. പക്ഷേ, വിവാഹത്തിന്റെ 15–ാം നാള്‍ രാത്രി ഭര്‍ത്താവ് കിടന്നുറങ്ങിയ അതേ മുറിയിലെ ഫാനില്‍ സോനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അന്ന് മുതല്‍ ദുരൂഹത നിറഞ്ഞുനിന്ന കേസിലാണ് എട്ട് മാസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവ് വിപിന്‍ അറസ്റ്റിലായിരിക്കുന്നത്.
പ്രണയ വിവാഹമായിരുന്നെങ്കിലും വിപിന്‍ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ചില ദിവസങ്ങളില്‍ ശാരീരികമായും ഉപദ്രവിച്ചു. ഇതിലുള്ള നിരാശയും വിഷമവുമാണ് ആത്മഹത്യക്കു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിപിന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ സോന തൂങ്ങിമരിച്ചത് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല എന്നതിലും സംശയമുണ്ടായിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അറിയാതിരുന്നതെന്നാണു വിപിന്‍ പറഞ്ഞത്. ഇതില്‍ സംശയമുണ്ടെങ്കിലും കൊലപാതകമല്ല, ആത്മഹത്യയാണെന്നു തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ മനസ്സിലാക്കുന്നത്.