ആരാധകരെ ഞെട്ടിച്ച് നടന്‍ അല്ലു അര്‍ജുന്റെ പ്രൈവറ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍. @bunny_boy_private എന്ന പേരിലുള്ള അക്കൗണ്ടില്‍ പങ്കുവച്ച മീമാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘പുഷ്പ 2’ പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ സംഭവിച്ച ദാരുണ സംഭവത്തെ കുറിച്ചുള്ള ട്രോളുകള്‍ ഈ അക്കൗണ്ടിലൂടെ നടന്‍ പോസ്റ്റ് ചെയ്തു എന്ന് പറഞ്ഞു കൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്.
ജയില്‍ മോചിതനായി അല്ലു അര്‍ജുന്‍ വീട്ടിലേക്ക് വരുന്നതും റാണ ദഗുബതിയുമായുള്ള സംസാരത്തിന്റെ വൈറല്‍ ക്ലിപ്പും പങ്കുവച്ച ട്രോളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അല്ലു അര്‍ജുന്റെ ഈ സ്വകാര്യ അക്കൗണ്ടില്‍ മാത്രമല്ല, റാണ തന്റെ പബ്ലിക് അക്കൗണ്ടില്‍ സ്റ്റോറിയായി ഈ മീം പങ്കുവച്ചിരുന്നു. സാമന്ത, തൃഷ അടക്കമുള്ള താരങ്ങള്‍ അല്ലു അര്‍ജുന്റെ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.
എന്നാല്‍ ഇത് അല്ലു അര്‍ജുന്റെ സ്വകാര്യ അക്കൗണ്ട് തന്നെയാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. അക്കൗണ്ടിന് 320 ഫോളോവേഴ്‌സ് ഉണ്ട്. 494 പേരെ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്. 1380 ഓളം പോസ്റ്റുകളും ഈ പ്രൈവറ്റ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ സ്‌ക്രീന്‍ ഷോട്ടില്‍ നിന്നുള്ള വിവരങ്ങള്‍.
ഒരു സ്ത്രീയുടെ ദാരുണാന്ത്യത്തിന് കാരണമായ സംഭവത്തിന്റെ ട്രോള്‍ അല്ലു അര്‍ജുന്‍ പങ്കുവച്ചെന്ന സ്‌ക്രീന്‍ ഷോട്ട് എത്തിയതോടെ നടന്റെ ആരാധകര്‍ ഞെട്ടലിലാണ്. സ്‌ക്രീന്‍ ഷോട്ട് ചര്‍ച്ചകളില്‍ ഇടം നേടുമ്പോഴും ഇതില്‍ അല്ലു അര്‍ജുനോ റാണയോ താരങ്ങളുമായി ബന്ധപ്പെട്ടവരോ ഒന്നും പ്രതികരിച്ചിട്ടില്ല.