Spread the love
പിടിവിട്ട് ആന്ധ്ര ജയ അരിവില;
മത്സരിക്കാൻ പഞ്ചാബ്‌ ജയ എത്തി

ആന്ധ്ര ജയ അരിയുടെ വിലയിൽ ആറുമാസത്തിനിടെ ഉണ്ടായത് 50 ശതമാനം വർധന. ഇടനിലക്കാരും മില്ലുടമകളും മത്സരിച്ചു വില ഉയർത്തിയതാണ് മാർച്ചിൽ കിലോയ്ക്ക് 40 രൂപയായിരുന്ന ബ്രാൻഡഡ് ജയ അരിയുടെ ചില്ലറ വില 61 രൂപയിലെത്തിച്ചത്. ആറുമാസത്തിനിടെ കിലോയ്ക്ക് വർധിച്ചത് 20 രൂപ. ആന്ധ്ര ജയ അരിയുടെ ക്രമാതീതമായ വിലവർധന തടയാൻ പഞ്ചാബിൽനിന്നുള്ള ജയ അരിയും എത്തി. കിലോയ്ക്ക്‌ 43 രൂപയാണ്‌ പഞ്ചാബ്‌ ജയയുടെ മൊത്തവില.
മാർച്ചിൽ ബ്രാൻഡഡ് ജയയുടെ മൊത്തവില 38 രൂപയും ചില്ലറവിൽപ്പന വില 40–- 45രൂപയുമായിരുന്നു. ആന്ധ്രയിൽ മില്ലുകൾക്കുള്ള വൈദ്യുതി വിതരണം പരിമിതപ്പെടുത്തിയെന്നു പറഞ്ഞ്‌ മേയിൽ രണ്ടുരൂപ കൂട്ടി. ആഗസ്തിൽ ഇത് 50രൂപയിലെത്തി. ഓണം കഴിഞ്ഞപ്പോൾ വീണ്ടും നാലുരൂപ കൂടി. തിങ്കളാഴ്‌ച ബ്രാൻഡഡ് ജയ കിലോയ്ക്ക് 57രൂപയ്ക്കാണ് ലഭിച്ചതെന്ന്‌ കൊല്ലത്തെ മൊത്തവ്യാപാരികൾ പറയുന്നു. വിലവർധനയെക്കുറിച്ച് ചർച്ചചെയ്യണമെന്ന സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ ആവശ്യം തള്ളിയ മില്ലുടമകൾ ബ്രോക്കർമാരുമായി വിഷയം ചർച്ച ചെയ്യാനാണ് ആവശ്യപ്പെടുന്നത്.

ബോധപൂർവം 
ക്ഷാമം സൃഷ്ടിക്കുന്നു
കൊല്ലം ഉൾപ്പെടെയുള്ള ജില്ലയിൽ കൂടുതലായി വിറ്റഴിയുന്ന ജയ അരിയുടെ പ്രധാന ഉൽപ്പാദനകേന്ദ്രം ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയാണ്. ഇവിടുത്തെ ഉൽപ്പാദനം ബോധപൂർവം കുറച്ചതാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. ചില മില്ലുടമകളും ഇടനിലക്കാരുമാണ് ഇതിനു പിന്നിൽ.
പ്രാദേശികമായി ആവശ്യമുള്ള അരിയുടെ ഉൽപ്പാദനം വർധിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടതാണ് ജയ ഉൽപ്പാദനം കുറയാനും വില വർധിക്കാനും കാരണമെന്നാണ് ഏജന്റുമാർ പറയുന്നത്.
ഇതിനിടെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന അരി കേരളത്തിൽ എത്തിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കാനും ബ്രോക്കർമാർ ശ്രമിക്കുന്നു.

അടുക്കാതെ മില്ലുടമകൾ
അരിവില ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ജില്ലാ സപ്ലൈ ഓഫീസ് കഴിഞ്ഞ 12ന് ആന്ധ്രയിലെ മില്ലുടമകളുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിരുന്നു. മില്ലുടമകൾക്കു പകരം ഒമ്പത്‌ പ്രതിനിധികളാണ്‌ യോഗത്തിൽ പങ്കെടുത്തത്‌. വില നിയന്ത്രിക്കുന്നതിന്‌ കർശന നടപടികളെടുക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമാണ്‌ പഞ്ചാബ്‌ ജയഅരി കൂടി യഥേഷ്ടം വിപണിയിൽ എത്തിക്കുന്നത്‌. ജാർഖണ്ഡിൽനിന്നുള്ള ജയ അരിയും ഉടൻ എത്തും.
അടുത്തിടെ റേഷൻ വിഹിതത്തിൽ നാടൻ കുത്തരിയുടെ അളവ് 30 ശതമാനത്തോളം വർധിപ്പിച്ചിട്ടുണ്ട്. ഇതിനോട് ജനങ്ങൾക്ക് നല്ല മതിപ്പായതിനാൽ കുത്തരിയുടെ വിതരണം വർധിപ്പിച്ചു വിലക്കയറ്റം നിയന്ത്രിക്കാനുള്ള നീക്കവും സജീവമാണ്.

Leave a Reply