വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങൾ ആണ് കടൽ മാർഗം തുറമുഖം വളയുക. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചർച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീൻ അതിരൂപത പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മന്ത്രിമരുമായുള്ള ചർച്ച നടന്നിരുന്നില്ല.അദാനി ഗ്രൂപ്പിന് പിന്നാലെ ലത്തീൻ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.