ഗാന്ധിനഗർ : ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന കേസിലെ തുടരന്വേഷണത്തിനു സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിലാണു സംഘം പ്രവർത്തിക്കുന്നത്. കേസിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം പാറമ്പുഴ തെക്കേതുണ്ടത്തിൽ റോബിൻ ജോർജിനെ (28) ഉടൻ കസ്റ്റഡിയിൽ കിട്ടുമെന്ന പ്രതീക്ഷയിലാണു പൊലീസ്. കഞ്ചാവു കേസുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ചോദിക്കാനുണ്ടെന്നു കഴിഞ്ഞ ദിവസം പൊലീസ് കോടതിയെ സമീപിച്ചിരുന്നു. 7 ദിവസത്തെ കസ്റ്റഡി കാലാവധിക്കാണ് അപേക്ഷ സമർപ്പിച്ചത്.
മുട്ടം എൻഡിപിഎസ് കോടതിയിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത്. കസ്റ്റഡിയിൽ കിട്ടിയാൽ കൂടുതൽ തെളിവെടുപ്പിനും സാധ്യതയുണ്ട്. അതുവരെ റോബിൻ നടത്തിയ ടെലിഫോൺ വിശദാംശങ്ങളും ബാങ്ക് ഇടപാടുകളുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിൽ ചില നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചെന്നാണു സൂചന. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരും രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടും. റോബിനിലൂടെ ജില്ലയിൽ കഞ്ചാവ് എത്തിക്കുന്ന ലോബിയെ കണ്ടെത്താനാവുമെന്നാണു പൊലീസ് കരുതുന്നത്. തന്നെ കുടുക്കിയതാണെന്ന റോബിന്റെ ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.