Spread the love

തിരുവനന്തപുരം ∙ ഇടുക്കി വെള്ളിയാമറ്റത്തു 13 കന്നുകാലികൾ ചത്തതിനു പിന്നിൽ തീറ്റയായി നൽകിയ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആർഐ) ശാസ്ത്രജ്ഞർ തള്ളി. കപ്പത്തൊലി കഴിക്കുന്നതിലൂടെ പശുക്കളുടെ ജീവൻ പോകാനുള്ള സാധ്യത താരതമ്യേന കുറവാണ്. അതേസമയം, കന്നുകുട്ടിക്കു വൻതോതിൽ കപ്പത്തൊലി ആദ്യമായി നൽകിയാൽ സ്ഥിതി ഗുരുതരമാകാൻ സാധ്യത കൂടുതലാണെന്നും സിടിസിആർഐ ഡയറക്ടർ ഡോ. ജി.ബൈജു പറഞ്ഞു.

ഞായറാഴ്ച രാത്രിയാണു കന്നുകാലികൾക്കു കപ്പത്തൊലി കൊടുത്തത് . അര മണിക്കൂറിനുള്ളിൽ ഇവ തൊഴുത്തിൽ തളർന്നുവീണു. മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിലാണു പോസ്റ്റ്മോർട്ടം നടത്തിയത്. ഹൈഡ്രോ സൈനിക് ആസിഡ് കൂടുതലുള്ള കപ്പത്തൊലിയാണു കന്നുകാലികൾക്കു കൂടുതലായി നൽകിയതെന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആർഒ ഡോ.നിശാന്ത് എം.പ്രഭ പറഞ്ഞു.

തമിഴ്നാട്ടിൽ മുഖ്യമായും കൃഷി ചെയ്യുന്ന കപ്പ ഇനങ്ങളിൽ 250 മുതൽ 300 മില്ലിഗ്രാം വരെ സൈനോ ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. ഈ കിഴങ്ങ് കേരളത്തിലേക്കു വൻതോതിൽ എത്തുന്നുണ്ട്. ഇതു ഹാനികരമാണെന്നു ഡോ. ബൈജു പറഞ്ഞു. കേരളത്തിലുണ്ടാകുന്ന കപ്പയിൽ ഒരു ഗ്രാം കിഴങ്ങിൽ 50 മൈക്രോഗ്രാമിൽ താഴെ മാത്രമേ സൈനോ ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply