പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു ദിവസം വരെ സ്കൂളിൽ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം. ഇൻഫ്ളുവൻസയുടെ ചെറിയ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
ക്ലാസിൽ കൂടുതൽ കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും എല്ലാ സ്കൂളുകളിലും ഒരു അധ്യാപകൻ പകർച്ചവ്യാധി നോഡൽ ഓഫീസറായി പ്രവർത്തിക്കണമെന്നും സർക്കുലറിലൂടെ അറിയിച്ചു. അതെ സമയം പനിബാധിതരുടെയും രോഗികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിൽ രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.