അച്ഛന്റെ ഓർമ്മകളിൽ നടൻ നാഗാർജ്ജുന. ഗോവയിലെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിലാണ് എഎൻആറിനെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. 1944ൽ ശ്രീ സീതാ രാമജനനം എന്ന ചിത്രത്തിലൂടെയാണ് നാഗാർജുനയുടെ അച്ഛൻ എഎൻആർ (അക്കേനി നാഗേശ്വര റാവു ) അരങ്ങേറ്റം കുറിച്ചത്.
“കർഷക കുടുംബത്തിലാണ് അച്ഛൻ ജനിച്ചത്. പെൺകുട്ടി വേണം എന്ന് ആഗ്രഹിച്ച മുത്തശ്ശി അച്ഛനെ പെൺകുഞ്ഞിനെ പോലെയാണ് ഒരുക്കിയത്. സ്ത്രൈണതയുടെ പേരിൽ കടുത്ത പരിഹാസമാണ് അച്ഛൻ നേരിട്ടത്. അക്കാലത്ത് സ്ത്രീകൾക്ക് നാടകത്തിൽ അഭിനയിക്കാൻ വിലക്കുണ്ടായിരുന്നു. 15ാമത്തെ വയസ്സിലാണ് അച്ഛൻ സ്ത്രീ വേഷം ചെയ്യാൻ തുടങ്ങിയത്. പിന്നീട് അച്ഛൻ സ്ഥിരം നായികയായി മാറി.
ഇതോടെ അച്ഛന്റെ രൂപഭാവങ്ങളിൽ സ്ത്രീയുടെ സ്വാധീനം കൂടുതൽ പ്രകടമായി. പിന്നീട് അതിന്റെ പേരിൽ കടുത്ത പരിഹാസമാണ് അദ്ദേഹം നേരിട്ടത്. നിരാശമായ അദ്ദേഹം മറീന ബീച്ചിലെ കടലിൽ ചാടി. മരണം സ്വയം തെരഞ്ഞെടുക്കുന്നത് തെറ്റാണെന്ന് തോന്നിയ അച്ഛൻ നീന്തി രക്ഷപ്പെടുകയായിരുന്നു, നാഗാർജ്ജുന പറയുന്നു.
പീന്നീട് അച്ഛന്റെ ജീവിതം മാറ്റിമറിച്ചതും ഇതേ രൂപമാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ പ്രശസ്ത നിർമ്മാതാവ് ഘണ്ടശാല ബലരാമയ്യ അച്ഛനെ കണ്ടു. അച്ഛന്റെ നടത്തം കണ്ട അദ്ദേഹം
അച്ഛനോട് അഭിനയിക്കാൻ താൽപ്പര്യമുണ്ടോയെന്ന് ചോദിച്ചു. അച്ഛന്റെ കണ്ണും മൂക്കും കാണാൻ നല്ല ഭംഗിയുണ്ടെന്നും പറഞ്ഞു. പിന്നീട് അച്ഛന്റെ വളർച്ച ലോകം കണ്ടതാണെന്നും നാഗാർജ്ജുന കൂട്ടിച്ചേർത്തു.
തെലുങ്ക് സിനിമാ ലോകത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളായിരുന്നു എഎൻആർ എന്നറിയപ്പെടുന്ന അക്കേനി നാഗേശ്വര റാവു.