
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമിയിൽ മണിപ്പൂരിനെ വെസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയതോടെ വെസ്റ്റ് ബംഗാൾ ഫൈനലി പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46-ാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. അതിൽ 32 തവണ ബംഗാൾ ചാമ്പ്യൻമാരായി. സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളവും ബംഗാളും നേർക്കുനേർ വരുന്നത് ഇത് നാലാം തവണയാണ്. 1989, 1994 വർഷങ്ങളിലെ ഫൈനലിൽ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലിൽ സ്വന്തം മൈതാനത്ത് വെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പർ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്. മെയ് രണ്ടിന് രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.