Spread the love
തീരദേശ ഹൈവേ നിർമ്മാണത്തിന് കൊയിലാണ്ടിയിൽ വേഗത കൂടും; ഭൂമി ഏറ്റെടുക്കലിന് നടപടി തുടങ്ങി, നഷ്ട പരിഹാരം, പ്രവർത്തന പുരോഗതി – അറിയാം വിശദമായി

കൊയിലാണ്ടി: തീരദേശ ഹൈവേയുടെ നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ കൊയിലാണ്ടി മണ്ഡലത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോരപ്പുഴ മുതൽ കൊളാവിപ്പാലംവരെ 38 കിലോമീറ്റർ ദൂരത്തിലാണ് കൊയിലാണ്ടി മണ്ഡലത്തിലൂടെ തീരദേശ ഹൈവേ കടന്നുപോകുന്നത്.
മൂന്ന് റീച്ചുകളായാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. കോരപ്പുഴ മുതൽ കൊയിലാണ്ടി ഹാർബറിന്റെ തെക്കുഭാഗം, കൊയിലാണ്ടി മുതൽ മുത്തായം വരെയുള്ള ഭാഗം, മുത്തായം മുതൽ വടകര സാന്റ് ബാങ്ക് വരെയുള്ള ഭാഗം എന്നിങ്ങനെയാണിത്. ഇതിൽ മുത്തായം മുതൽ സാന്റ് ബാങ്ക്സ് വരെയുള്ള ഭാഗത്തിൽ കുറച്ചുദൂരം വടകര മണ്ഡലത്തിൽപ്പെടുന്നതാണ്.
മുത്തായം മുതൽ സാന്റ് ബാങ്ക്് വരെയുള്ള റീച്ചിൽ കൊളാവിപ്പാലവും വടകര താലൂക്കിലെ ബാങ്ക്സും തമ്മിൽ ബന്ധിപ്പിക്കുന്ന കുഞ്ഞാലിമരയ്ക്കാർ പാലം ഉൾപ്പെടുന്നത്. ഈ റീച്ചിന്റെ കല്ലിടൽ നടപടികൾ പൂർത്തീകരിച്ചു. ഭൂമിയേറ്റെടുക്കലും കഴിഞ്ഞു, നഷ്ടപരിഹാര തുക വിതരണത്തിലേക്ക് എത്തി നിൽക്കുകയാണ്. തുക വിതരണം പൂർത്തിയായാൽ ജനുവരിയോടെ പ്രവൃത്തി തുടങ്ങാനാകുമെന്നാണ് കരുതുന്നത്. കുഞ്ഞാലിമരയ്ക്കാർ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയിൽ നടത്താനാണ് ആലോചിക്കുന്നത്.

കോരപ്പുഴ ഹാർബർ റീച്ചിൽ കാപ്പാട് പൊലീസ് എയ്ഡ് പോസ്റ്റ് മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള ഭാഗം കുറ്റിയടിച്ചെങ്കിലും കല്ലിടൽ പൂർത്തീകരിക്കാനുണ്ട്. കാപ്പാട് ഭാഗങ്ങളിൽ പ്രാദേശികമായ ചില എതിർപ്പ് വന്നിരുന്നു. ഇതേ തുടർന്നാണ് ഇവിടെ കല്ലിടൽ നിർത്തിവെച്ചത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മറ്റ് ഭാഗത്ത് കല്ലിടൽ നടപടികൾ പൂർത്തീകരിച്ചതാണ്.

കൊയിലാണ്ടി മുത്തായം വരെയുള്ള റീച്ചിലാണ് പാറപ്പള്ളി, ഉരുപുണ്യകാവ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ വരുന്നത്. പാറപ്പള്ളി ഭാഗങ്ങളിൽ ആദ്യസമയത്ത് സർവ്വേ നടപടികൾ തടയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പ്രശ്നം പരിഹരിച്ചു സർവ്വേ നടത്തി അലൈമെന്റ് ഫിക്സ് ചെയ്തിട്ടുണ്ട്. അലൈൻമെന്റ് അടുത്ത ദിവസം തന്നെ അപ്രൂവൽ ആകും. അലൈൻമെന്റ് അപ്രൂവൽ ആയാൽ ഉടൻ തന്നെ ഈ മേഖലയിൽ വാർഡ് തലത്തിൽ പ്രദേശവാസികളുടെ യോഗം വിളിച്ചുചേർക്കുകയും അവരുടെ ആശങ്കകൾ പരിഹരിക്കുകയും ചെയ്യും അലൈൻമെന്റ് അപ്രൂവൽ ആയാലുടൻ കല്ലിടൽ നടപടികൾ തുടങ്ങും.

എത്ര സ്ഥലം ഏറ്റെടുക്കും..?

15.6 കിലോമീറ്റർ സ്ഥലമാണ് തീരദേശ റോഡിനുവേണ്ടി ഏറ്റെടുക്കുന്നത്. സീവോളിൽ നിന്ന് ഇത്രദൂരം വിട്ട് എന്ന് കൃത്യമായി പറയാനാവില്ല. പ്രാദേശികമായ ഭൂപ്രകൃതി കൂടി കണക്കിലെടുത്ത് വളവുകൾ പരിമിതപ്പെടുത്തി റോഡിന്ഏറ്റെടുക്കുന്ന 15.6 കിലോമീറ്റർ സ്ഥലത്തിൽ ഒരു വശത്ത് ഒന്നര മീറ്റർ വീതിയിൽ സൈക്കിൽ ട്രാക്ക്, രണ്ടുഭാഗത്തും ഫുട്ബോത്ത് ബാക്കിഭാഗം റോഡ് എന്നിങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. അനുകൂലമായ രീതിയിലാണ് സ്ഥലമേറ്റെടുക്കുന്നത്.

നഷ്ടപരിഹാരം:

ഏറ്റെടുക്കുന്ന ഭൂമിയുടെ മൂല്യം കണക്കാക്കുന്നത്: സമാനമായ സ്വഭാവമുള്ള ഭൂമി സർക്കാർ ഏറ്റെടുത്ത വില, സമാന സ്വഭാവമുള്ള മൂന്ന് കിലോമീറ്റർ പരിധിയിൽ മൂന്ന് കൊല്ലത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ ഏറ്റവും ഉയർന്ന വില, സർക്കാർ ഫെയർ വാല്യു ഇത് മൂന്നിലും ഏതാണോ കൂടുതൽ എന്ന് നോക്കി ആ തുക.

ഏറ്റെടുക്കുന്ന ഭൂമിയിലെ നിർമ്മിതികൾ, ചുറ്റുമതിൽ അടയ്ക്കമുള്ളവയ്ക്ക് പി.ഡബ്ല്യു.ഡി നിരക്കിൽ മൂല്യം കണക്കാക്കും. മരങ്ങളുണ്ടെങ്കിൽ അതിന്റെ തടിയുടെ മൂല്യം ഫോറസ്റ്റ് കണക്കാക്കും, കായ് കനികളുടെ മൂല്യം കൃഷി വകുപ്പ് കണക്കാക്കും, ഇതെല്ലാം കൂട്ടി അതിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി ഉടമസ്ഥന് നൽകും. ഏറ്റെടുക്കുന്ന സ്ഥലത്ത് കടകളുണ്ടെങ്കിൽ കടയുടെ ഉടമയ്ക്ക് പുറമേ നടത്തുന്നയാൾക്കും നഷ്ടപരിഹാരം നൽകും. ജോലി സംബന്ധമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവിടം വിട്ട് മറ്റെവിടെയെങ്കിലും വീട് വെച്ചു താമസിക്കാൻ താൽപര്യമില്ലയെന്ന് അറിയിക്കുന്ന ആളുകൾക്ക് നഷ്ടപരിഹാരത്തിന് ‘പുറമേ സർക്കാർ ലൈഫ് പദ്ധതിയിൽ പണിയുള്ള ഫ്ളാറ്റുകളിൽ ഒന്ന് നൽകും. ഇത്തരം ആളുകളെ പരിഗണിച്ച് അവർക്കുവേണ്ടി കൊയിലാണ്ടി മേഖലയിൽ തന്നെ ഭൂമി കണ്ടെത്തി അവിടെ ഫ്ളാറ്റ് നിർമ്മിക്കാനാണ് ആലോചിക്കുന്നത്. 580 സ്വർഫീറ്റിൽ പണിയുന്ന ഫ്ളാറ്റ് ആവശ്യമില്ല എന്ന് എഴുതി നൽകുന്നവർക്ക് നഷ്ടപരിഹാര തുകയ്ക്ക് പുറമേ മൂന്നുലക്ഷം രൂപ കൂടി അധികമായി നൽകും.

Leave a Reply