ഇടുക്കി എ ആർ ക്യാമ്പിലെ പി വി ശിഹാബ് പോലീസുകാരൻ പ്രതിയായ മാമ്പഴ മോഷണകേസിൽ വൻ ഒത്തുകളി.കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവടക്കാരൻ തനിക്ക് പരാതിയില്ല എന്ന് കാണിച്ച് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കേസ് പിൻവലിച്ചു സംഭവം ഒത്തുതീർപ്പാക്കണം എന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സംഭവത്തിൽ നിർണായക നീക്കങ്ങൾ ഉണ്ടായത്.സംഭവത്തിൽ പോലീസ് എടുക്കുന്ന നിലപാട് നിർണായകമാകും. കേസ് ഒത്തുതീർപ്പ് ആക്കാനാകില്ല എന്ന് പോലീസ് പറഞ്ഞാലും പരാതിക്കാരൻ പിൻവാങ്ങിയ സാഹചര്യത്തിൽ കേസ് അവസാനിക്കാനാണ് സാധ്യത.
സംഭവത്തിൽ ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്ത് ഉണ്ടായത്. കഴിഞ്ഞമാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവടക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷണം പോയത്. ഇതിന് പിന്നാലെ ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. കേസ് ഒത്തുതീർപ്പിൽ എത്തിക്കാൻ പ്രതിയായ പോലീസുകാരന് മതിയായ സമയം നൽകുന്ന സമീപനമാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്വീകരിച്ചത്. നേരത്തെ ബലാത്സംഗ കേസിൽ അടക്കം പ്രതിയായ ആളാണ് പിവി ഷിഹാബ്. ഇത്രയധികം ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടും ഇയാൾ സർവീസിൽ തിരിച്ചു കയറി എന്നതാണ് ഞെട്ടിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇയാൾക്കുള്ള ബന്ധമാണ് പോലീസ് സേനയിൽ തുടർന്ന് പ്രവർത്തിക്കുന്നതിന് ഇയാൾക്ക് ഗുണകരമായത് എന്ന് ആരോപണം നിലനിൽക്കുന്നുണ്ട്.