കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യയെ സുപ്രീം കോടതി നാല് മാസം തടവിന് ശിക്ഷിച്ചു. 2000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. വിജയ് മല്യ വിദേശത്തേക്ക് മാറ്റിയ 40 മില്യണ്‍ ഡോളര്‍ 4 ആഴ്ചയ്ക്കുള്ളില്‍ കണ്ടുകെട്ടണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
അഞ്ച് വര്‍ഷം മുമ്പ് 2017 മെയ് 9 ന് വിജയ് മല്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതി തുടക്കമിട്ടിരുന്നു. കോടിക്കണക്കിന് രൂപ വായ്പയെടുത്ത ബാങ്കുകള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും തന്റെ ആസ്തിയുടെ മുഴുവന്‍ വിവരങ്ങളും വിജയ് മല്യ ഇതുവരെ നല്‍കിയില്ല. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. എസ്ബിഐ ഉൾപ്പെടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാർച്ച് 2 നാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്. ബ്രിട്ടനിൽ മൂന്നു വർഷത്തെ കോടതി നടപടികൾക്കു ശേഷം, തുടർനടപടികൾക്കായി ഇന്ത്യയിലേക്കു നാടുകടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ ജാമ്യത്തിലാണ് മല്യ.