കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനും മിമിക്രി കലാകാരനുമായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യമാദ്യം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.
ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീടങ്ങോട്ട് വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി മാറിയിരുന്നു
ചെറിയൊരു കൂട്ടം രേണുവിനെ സപ്പോർട്ട് ചെയ്യുന്നത് ഒഴിച്ചാൽ തുടക്കം മുതലേ വ്യാപക വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രേണു നല്ലൊരു കലാകാരനായ സുധിയുടെ പേരാണ് കളഞ്ഞു കൊണ്ടിരിക്കുന്നതെന്നും സുധിയുടെ ആത്മാവിന് വേണ്ടിയെങ്കിലും അഭിനയം നിർത്തണം എന്നുമായിരുന്നു നേരിട്ട്കുറ്റപ്പെടുത്തലുകൾ. ഇപ്പോഴിതാ അഭിനയം നിർത്തണമെന്ന വിമർശനങ്ങൾക്ക് ഉത്തരം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.
രേണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു അഭിമുഖത്തിന്റെ വീഡിയോയും ഒപ്പമുണ്ടായിരുന്നു. അഭിനയം നിർത്താൻ മകൻ പറഞ്ഞാൽ കേൾക്കുമോ എന്ന ചോദ്യത്തിന് “അഭിനയം നിർത്തണമെന്ന് മകൻ എന്നോട് പറയില്ല. കാരണം എനിക്ക് ആകെയുള്ള വരുമാന മാർഗമാണ്. എന്റെ മക്കൾക്ക് വേണ്ടി തന്നെയാണ് ആ പണം ചെലവാക്കുന്നതും. പിന്നെ എന്തിന് അഭിനയം നിർത്താൻ അവൻ പറയണം”, എന്നായിരുന്നു രേണു പറഞ്ഞത്. “എന്നെ വിമർശിച്ചാൽ നിങ്ങൾക്ക് എന്ത് നേട്ടം. ആരെന്ത് പറഞ്ഞാലും അഭിനയം തുടരും”, എന്നും രേണു കുറിച്ചിരുന്നു.