രാജ്യത്ത് സംഭവിക്കുന്ന ദുരന്തങ്ങളെ ദേശീയ ദുരന്തമായി എങ്ങനെയാണ് പ്രഖ്യാപിക്കുകയെന്നും നിയമപരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കാം. 2005-ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിർവചിച്ചിരിക്കുന്നത്. ദുരന്തം എന്നാൽ ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളാണെന്ന് പറയുന്നു. കാര്യമായ രീതിയിൽ ജീവനാശം സംഭവിക്കുകയോ സ്വത്തുവകകൾ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയോ ചെയ്യണം. ദുരന്ത ബാധിത പ്രദേശത്തെ സമൂഹത്തിന് അപകടം നേരിടാനുള്ള ശേഷിക്കപ്പുറമുള്ള സ്വഭാവമോ വ്യാപ്തിയോ ഉണ്ടായിരിക്കണം. ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, സുനാമി, നഗര വെള്ളപ്പൊക്കം, ഉഷ്ണ തരംഗം മുതലായവയാണ് സാധാരണയായി ദുരന്തത്തിൽ ഉൾപ്പെടുന്നത്. ആണവ, ജൈവ, രാസ സ്വഭാവമുള്ള മനുഷ്യനിർമിത ദുരന്തവും ഇതിൽ ഉൾപ്പെടും.
എന്താണ് ദേശീയ ദുരന്തം?
ദേശീയ ദുരന്തത്തെ നിർവചിക്കുന്നതിനുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാർ നേരത്തെ പരിശോധിച്ചിരുന്നു. എന്നാൽ, പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേകമായ എക്സിക്യൂട്ടീവ് സംവിധാനങ്ങളോ നിയമപരമായ വ്യവസ്ഥകളോ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഏതെങ്കിലും ദുരന്തത്തെ ദേശീയ ദുരന്തമായി നിർവചിക്കാൻ നിശ്ചിത മാനദണ്ഡവുമില്ല. ഇതുമായി ബന്ധപ്പെട്ട്, പത്താം ധനകാര്യ കമ്മീഷൻ (1995-2000) നിർദേശങ്ങൾ പരിശോധിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുകയാണെങ്കിൽ ദുരന്തത്തെ ‘അപൂർവമായ തീവ്രതയുള്ള ദേശീയ ദുരന്തം’ എന്ന് വിളിക്കാമെന്നായിരുന്നു നിർദേശം. എന്നാൽ, ‘അപൂർവ തീവ്രതയുടെ ദുരന്തം’ എന്താണെന്ന് പ്രത്യേകമായി നിർവചിച്ചിട്ടില്ല.
‘അപൂർവമായ തീവ്രതയുള്ള ദുരന്തം’ എന്നത് സംഭവത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതാണെന്ന് നിർദേശത്തിൽ പറയുന്നു. ദുരന്തത്തിൻ്റെ തീവ്രതയും വ്യാപ്തിയും, പ്രശ്നം കൈകാര്യം ചെയ്യാനുള്ള സംസ്ഥാനത്തിൻ്റെ ശേഷി, ആശ്വാസ പദ്ധതികൾ നടപ്പാക്കാനുള്ള വിഭവ ശേഷി എന്നിവയാണ് പ്രധാനമായ അടിസ്ഥാനം. 2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014-ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും തീവ്രമായ ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്
ദേശീയദുരന്തമായി പ്രഖ്യാപിച്ചാലുള്ള നേട്ടങ്ങൾ എന്തൊക്കെ
ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സർക്കാരിന് പിന്തുണ നൽകേണ്ടി വരും. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായവും കേന്ദ്രം പരിഗണിക്കേണ്ടി വരും. കേന്ദ്രവും സംസ്ഥാനവും തമ്മിൽ 3:1 അനുപാതത്തിൽ പങ്കിട്ടാണ് ദുരന്ത നിവാരണ ഫണ്ട് (CRF) രൂപീകരിക്കുക. സംസ്ഥാനത്തിന് വിഭവങ്ങൾ അപര്യാപ്തമാകുമ്പോൾ, ദേശീയ ദുരന്ത കണ്ടിജൻസി ഫണ്ടിൽ (NCCF) നിന്ന് അധിക സഹായം പരിഗണിക്കും. NCCF ന് 100% ധനസഹായം നൽകുന്നത് കേന്ദ്ര സർക്കാറാണ്. വായ്പകളുടെ തിരിച്ചടവിലെ ആശ്വാസം, ദുരന്ത ബാധിതർക്ക് ഇളവ് വ്യവസ്ഥകളിൽ പുതിയ വായ്പകൾ എന്നിവ അനുവദിക്കുന്നതും പരിഗണിക്കും.
എങ്ങനെയാണ് സാമ്പത്തിക സഹായം തീരുമാനിക്കുന്നത്?
2009ലെ ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ചാണ് ഫണ്ടിങ് രീതി തീരുമാനിക്കുക. ദേശീയ ക്രൈസിസ് മാനേജ്‌മെൻ്റ് കമ്മിറ്റിയാണ് ദേശീയ ദുരന്തത്തിന്റെ സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുക. കാബിനറ്റ് സെക്രട്ടറിയാണ് ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. ദുരിതബാധിത സംസ്ഥാനങ്ങളിലേക്ക് വിവിധ കേന്ദ്ര മന്ത്രാലയ സംഘങ്ങളെ നിയോഗിക്കും. നാശനഷ്ടങ്ങളും ആവശ്യമായ ദുരിതാശ്വാസ സഹായങ്ങളും ഇവരാണ് വിലയിരുത്തുക. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇൻ്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് മൂല്യനിർണ്ണയം നടത്തുകയും എൻഡിആർഎഫ്-എൻസിസിഎഫ് സഹായത്തിൻ്റെ തോത് ശുപാർശ ചെയ്യുകയും ചെയ്യും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സമിതി കേന്ദ്രസഹായത്തിന് അംഗീകാരം നൽകുന്നത്. ധനമന്ത്രി ചെയർമാനും ആഭ്യന്തരമന്ത്രി, കൃഷിമന്ത്രി, മറ്റ് അംഗങ്ങളും ഉൾപ്പെടുന്നതാണ് സമിതി.