
മലപ്പുറം പാണമ്പ്രയിൽ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പെൺകുട്ടികൾക്ക് നേരെ സൈബർ ആക്രമണവും. പ്രാദേശിക മുസ്ലീം ലീഗ് നേതാവ് റഫീഖ് പാറക്കലിനെതിരെ സഹോദരിമാരായ അസ്നയും ഹംനയും പോലീസിൽ പരാതി നൽകി. മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ ആണ് നടുറോഡിൽ വെച്ച് പെൺകുട്ടികളെ മർദ്ദിച്ചത്. പരാതിയില്‍ നിസാര വകുപ്പുകളില്‍ മാത്രം കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് പ്രതി ഇബ്രാഹിം ഷബീറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പും സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതി ഇബ്രാഹം ഷെബീറിന്‍റെ വാഹനത്തിന്‍റെ അമിത വേഗത, നടുറോഡിൽ വാഹനം നിർത്തിയിട്ടുള്ള അതിക്രമം, റോങ്ങ് സൈഡ് വാഹനം ഓടിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പെൺകുട്ടികള്‍ വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം.