തമിഴകത്തിന്റെ ദളപതി എന്നറിയപ്പെടുന്ന വിജയ് തന്റെ സിനിമ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന വാർത്ത വലിയ ഞെട്ടലോടെ ആയിരുന്നു താരത്തിന്റെ ആരാധകർ വരവേറ്റത്. തന്റെ കരിയറിന്റെ ഏറ്റവും ഉയർച്ചയിൽ നിൽക്കുന്ന സാഹചര്യത്തിൽ സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്ന താരത്തിന്റെ തീരുമാനത്തെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വിജയിയുടെ ടിവികെ(തമിഴക വെട്രി കഴകം) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നടന്നത്. വൻ ജനസാഗരം ആയിരുന്നു അന്നേദിവസം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ അണിനിരന്നത്. ഇതിന്റെ ഓരോ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്.
ഏറെ നാൾ തമിഴ് മക്കൾ ആവേശത്തോടെ കാത്തിരുന്ന പാർട്ടിയുടെ ആദ്യ സമ്മേളനവും കഴിഞ്ഞതോടെ നടന്റെ അവസാന ചിത്രമായ ദളപതി 69ൽ ആണ് ആരാധകരുടെ മൊത്തം പ്രതീക്ഷ ഇപ്പോൾ. ഈ അവസരത്തിൽ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ അപ്ഡേറ്റ് പുറത്തുവന്നതാണ് പലരും ഏറ്റെടുത്തിരിക്കുന്നത്.ദളപതി 69ന്റെ ഷൂട്ടിംഗ് സംബന്ധമായ അപ്ഡേറ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ദീപാവലി വാരാന്ത്യത്തിന് ശേഷം ആരംഭിക്കും. വിജയ് നവംബർ നാലിന് സെറ്റിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ചെന്നൈയിലാണ് അടുത്ത പ്രധാന ഷെഡ്യൂൾ നടക്കുക.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 69. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നാണ് അനൗൺസ്മെന്റ് പോസ്റ്ററിൽ നിന്നും ലഭിച്ച സൂചന.മലയാളി താരം മമിത ബൈജുവും ദളപതി 69ന്റെ ഭാഗമാണ്. ഒപ്പം നരേൻ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മോനിഷ ബ്ലസ്സി, ബോബി ഡിയോൾ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സത്യൻ സൂര്യൻ ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.