Spread the love

ഫരീദ്കോട്ട് (പഞ്ചാബ്) ∙ പഞ്ചാബിലെ ഫരീദ്കോട്ടിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് കസ്റ്റഡിയിൽ. ഇൻവിജിലേറ്റർ പിടികൂടാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ‌ ഐഡിയും ആധാറും ഉൾപ്പെടെയുള്ള രേഖകളിലും കൃത്രിമം കാണിച്ചാണ് ഇയാൾ പരീക്ഷയ്ക്ക് എത്തിയത്. ഫാസില്‍ക്ക സ്വദേശിയായ അംഗ്രേസ് സിങ്ങിനെയാണ് അധികൃതർ പിടികൂടിയത് .ജനുവരി 7നാണ് ‘രസകരമായ’ സംഭവം നടന്നത്. ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. കാമുകി പരംജിത് കൗറിനു പകരമാണ് ഇയാൾ പെൺവേഷത്തിൽ പരീക്ഷയ്ക്ക് എത്തിയത്. സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ വള, പൊട്ട്, ലിപ്സ്റ്റിക് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു.

വിദഗ്ധമായി വ്യാജ തിരിച്ചറിയല്‍ കാർഡുകൾ തയാറാക്കിയെങ്കിലും ബയോമെട്രിക് പരിശോധനയിൽ‌ ഇയാൾ കുടുങ്ങി. വിരലടയാളം ഒത്തുവരാഞ്ഞതോടെ അധികൃതർ തട്ടിപ്പ് മനസ്സിലാക്കി. സംഭവത്തിൽ അംഗ്രേസ് സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായും അധികൃതർ വ്യക്തമാക്കി.

Leave a Reply