ഒരിക്കൽ ഒരാൾ ഉപയോഗിച്ച് റദ്ദ് ചെയ്ത മൊബൈൽ നമ്പറുകളിൽ വീണ്ടും സിം കാർഡുകളിറക്കി സേവനദാതാക്കൾ പുതിയ ഉപഭോക്താക്കൾക്ക് നൽകുന്നു. നേരത്തെ ആരെങ്കിലും ഉപയോഗിച്ച് റദ്ദ് ചെയ്ത നമ്പറാണ് തങ്ങൾക്ക് ലഭിച്ചതെന്നറിയാതെ ഉപഭോക്താവ് ഔദ്യോഗിക ആവശ്യങ്ങൾക്ക് മൊബൈൽ നമ്പർ നൽകുമ്പോഴാണ് ഈ നമ്പർ നേരത്തെ മറ്റാരുടെയോ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ ദുരിതത്തിലാവുന്നത്.
ഉപഭോക്താവ് ഏജൻസികളിൽ നേരിൽ ഹാജരായി ഫോട്ടോ ലൈവായി ബന്ധപ്പെട്ട സേവനദാതാവിന്റെ സർവറിൽ നൽകിയും, ആധാർ കാർഡുൾപ്പടെയുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചുമാണ് മൊബൈൽ കമ്യൂണിക്കേഷൻ പ്രൊവൈഡറിൽ നിന്ന് സിമ്മും നമ്പറും സ്വന്തമാക്കുന്നത്.
എന്നാൽ ഔദ്യോഗികാവശ്യങ്ങളുമായി ബന്ധപ്പെട്ട് മൊബൈൽ നമ്പറുകൾ നൽകുമ്പോഴാണ് ഇതേ നമ്പർ ഇതേ സേവനങ്ങൾക്ക് മറ്റൊരാൾ നേരത്തെ ഉപയോഗിച്ചതിനാൽ സ്വന്തം മൊബൈൽ നമ്പറായിട്ടും അവകാശങ്ങളും സേവനങ്ങളും തിരസ്കരിക്കപ്പെട്ട് യഥാർഥ ഉപഭോക്താവ് കഷ്ടത്തിലാവുന്നത്.
ഗ്യാസ് ഏജൻസികൾ, കെ.എസ്.ഇ.ബി, സിവിൽ സപ്ലൈസ്, വാട്ടർ അതോറിറ്റി, ബാങ്കുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നിരവധി ഉപഭോക്താക്കൾ മൊബൈൽ നമ്പറിന്റെ പേരിൽ ദുരിതത്തിലായത്.
ദുബൈയിൽ നിന്ന് ഒരു വർഷം മുമ്പ് അവധിക്ക് നാട്ടിലെത്തിയ എൻജിനീയറായ യുവാവ് തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചും ഫോട്ടോ ലൈവായി നൽകിയുമാണ് സേവനദാതാക്കളിൽ നിന്നു സിം കാർഡെടുത്തത്. ഒരു വർഷത്തിനു ശേഷം ഗ്യാസ് കണക്ഷന് അപേക്ഷിച്ചപ്പോഴാണ് ഈ മൊബൈൽ നമ്പറിൽ തൃശൂരിലെ മുണ്ടൂരിൽ ഗ്യാസ് കണക്ഷൻ ഉണ്ടെന്ന കാരണത്താൽ സ്വന്തം മൊബൈൽ നമ്പറിൽ നൽകിയ ഗ്യാസ് കണക്ഷൻ അപേക്ഷ ബന്ധപ്പെട്ടവർ തിരസ്കരിച്ചത്. മറ്റൊരു നമ്പർ നൽകി അപേക്ഷിക്കാനായിരുന്നു ഗ്യാസ് ഏജൻസി ആവശ്യപ്പെട്ടത്. കെ.എസ്.ഇ.ബിയിലും ഈ നമ്പർ തൃശൂരിലെ വൈദ്യുതി ഉപഭോക്താവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ആധാർ കാർഡിൽ സ്വന്തം നമ്പറായി രജിസ്റ്റർ ചെയ്ത ഈ നമ്പർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യുവ എൻജിനീയർ.
തൃശൂർ ജില്ലയിലെ വിവിധ വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതും ലൈൻ ഓഫ് ചെയ്യുന്ന വിവരങ്ങളും ലഭിക്കുന്നത് തൃക്കരിപ്പൂരിലെ സിവിൽ എൻജിനീയറായ വനിതക്കാണ്. ഉഷ റേഷൻ വാങ്ങിയ വിവരത്തിന്റെ സന്ദേശങ്ങൾ ലഭിക്കുന്നത് മാട്ടൂൽ സെൻട്രലിലെ ജമീലക്ക്.
മറ്റൊരാളുടെ ബാങ്ക് വിനിമയത്തിന്റെ വിവരങ്ങൾ പോലും സ്വന്തം മൊബൈലിലേക്ക് തെറ്റി വരുന്നതിന് കാരണമാകുന്നത് ഇതേ നമ്പറിലെ സിം നേരത്തെ മറ്റൊരാൾ ഉപയോഗിച്ചതിനാലാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. അക്കൗണ്ടിന്റെ യഥാർഥ ഉടമകൾ പലപ്പോഴും റദ്ദ് ചെയ്യപ്പെട്ട നമ്പറിന് പകരം തങ്ങളുടെ ശരിയായ പുതിയ നമ്പർ നൽകാത്തതും ഇതിന് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പോർട്ടൽ സംവിധാനത്തിലൂടെ സേവനദാതാക്കളെ മാറ്റി നമ്പർ സ്വന്തമാക്കാനുള്ള അവസരം ട്രായ് നൽകുമ്പോഴാണ് മൊബൈൽ സേവനദാതാക്കൾ ഒരിക്കൽ ഒരാൾ ഉപയോഗിച്ച് സേവനം നിർത്തിയ അതേ നമ്പറിൽ പുതിയ സിമ്മിറക്കി പുതിയ ഉപഭോക്താവിന് നൽകുന്നത്. ഫാൻസി നമ്പറുകൾ, മറ്റ് നമ്പറുകൾക്ക് സമാനമായി നമ്പർ തിരഞ്ഞെടുക്കാനുള്ള അവസരം എന്നിവ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട് എല്ലാ മൊബൈൽ പ്രൊവൈഡർ കമ്പനികളും. ഇതിനായി വൻ തുകയാണ് സേവനദാതാക്കളായ എല്ലാ കമ്പനികളും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത് .
എന്നാൽ ഇത്തരത്തിലുള്ള സിം കാർഡുകളിൽ കൂടുതലും നേരത്തെ പലരും ഉപയോഗിച്ചവയും വിവിധ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും രജിസ്റ്റർ ചെയ്യപ്പെട്ടവയുമായിരിക്കും.
മൊബൈൽ പ്രാവർത്തികമായ ആദ്യ കാലങ്ങളിൽ നൽകിയതും എന്നാൽ ഉപഭോക്താവ് ഉപയോഗം നിർത്തിയതിനാൽ റദ്ദു ചെയ്യപ്പെട്ടതുമായ സിമ്മുകളിൽ ലക്ഷണമൊത്ത നമ്പറുകൾ തിരഞ്ഞെടുത്ത് ഫാൻസി നമ്പറാക്കി ലാഭം കൊയ്യുകയാണ് മൊബൈൽ സേവനദാതാക്കൾ. ഉപയോഗിച്ച് റദ്ദാക്കിയ നമ്പറിൽ വീണ്ടും പുതിയ സിമ്മിറക്കി പുതിയ ഉപഭോക്താവിന് നൽകുന്നതിന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ നിരോധനം ഏർപ്പെടുത്താത്ത കാലത്തോളം ഈ ദുരവസ്ഥ തുടരുകയായിരിക്കും ഫലം.