ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന ഇ- ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ 456 ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയതായി ആരോഗ്യ – വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ 60 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിലെ ഒ .പി ബുക്കിംഗ് മുതൽ ലാബ് റിസൾട്ടുകൾ വരെ ഓൺലൈനായി ലഭ്യമാക്കുന്നത് രോഗികൾക്ക് വലിയ ആശ്വാസമായി മാറിയെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട് ബ്ലോക്കുതല ആരോഗ്യമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിത ശൈലി രോഗ നിർണ്ണയത്തിനായി ആരംഭിച്ച ‘ശൈലി’ ആപ്പിന്റ ഭാഗമായി 140 പഞ്ചായത്തുകളിൽ ആശാ വർക്കർമാർ മുതലുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം വീട്ടുപടിക്കൽ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. രോഗം വന്നതിനു ശേഷം ചികിത്സിക്കുക എന്നതിലുപരി രോഗ പ്രതിരോധത്തിലാണ് ശ്രദ്ധ നൽകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പേവിഷ ബാധയേറ്റുള്ള മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സയോജിത പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും മന്ത്രി പറഞ്ഞു.
‘ഏക ആരോഗ്യം സാക്ഷാൽകരിക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. ആരോഗ്യ – കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന വർണ്ണാഭമായ വിളംമ്പര ജാഥയോടെയാണ് മേളയ്ക്ക് തുടക്കമായത്.
അലോപ്പതി- ആയുഷ് വകുപ്പുകൾ, ഫയർഫോഴ്സ്, എക്സ്സൈസ്, ഐ സി ഡി എസ്, കൃഷി വകുപ്പ് എന്നിവരുടെ 33 സ്റ്റാളുകളാണ് മേളയിൽ സജ്ജീകരിച്ചത്. മേളയോടനുബന്ധിച്ച് പൊതു ജനാരോഗ്യ മേഖലയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന വിവിധ സേവനങ്ങൾ വിശദമാക്കുന്ന പ്രദർശനം,ബോധവത്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചു. കോവിഡ് വാക്സിനേഷൻ,കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ, പ്രതിരോധ മരുന്ന് വിതരണം, ജീവതശൈലി രോഗനിർണയ ക്യാമ്പ്, ക്യാൻസർ നിർണ്ണയ ക്യാമ്പ്, നേത്ര പരിശോധന, ത്വക്ക് പരിശോധന, ദന്തരോഗ നിർണ്ണയം എന്നീ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കി. ആരോഗ്യ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബും വിവിധ കലാപരിപാടികളും നടന്നു.
ആനാട് എസ്. എൻ. വി. എച്ച്. എസ്. എസ്സിൽ നടന്ന ചടങ്ങിൽ ഡി. കെ. മുരളി എം. എൽ. എ.അധ്യക്ഷനായിരുന്നു. ജി. സ്റ്റീഫൻ എം. എൽ. എ., നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, വൈസ് പ്രസിഡന്റ് പി. വൈശാഖ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ്. ഷൈലജ, എസ്. മിനി, യു. ലേഖാറാണി, ബീന ജയൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ആരോഗ്യ കേരളം ഡി.പി.എം. ഡോ.ആശാ വിജയൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിവരും പങ്കെടുത്തു.