ന്യൂഡല്‍ഹി: വൈദ്യുതി വിതരണ മേഖലയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള വിവാദ വൈദ്യുതി ഭേദഗതി ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കര്‍ഷകരുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിപക്ഷ പാര്‍ടികളുടെയുമെല്ലാം രൂക്ഷമായ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നത്.
വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ മത്സരം കടുക്കുമെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാല്‍ സ്വകാര്യ കമ്ബനികള്‍ ലാഭം മാത്രമാകും ലക്ഷ്യം വയ്ക്കുകയെന്നും കര്‍ഷകര്‍ക്കും ചെറുകിട ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന ഇളവുകളും മറ്റും ഇല്ലാതാകുമെന്നും കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി, ഭരണഘടനയുടെ സമവര്‍ത്തി പട്ടികയില്‍ ആയതിനാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണത്തിന് അധികാരമുണ്ട്. എന്നാല്‍ പുതിയ ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവരുന്നതും ഫെഡറലിസത്തിന് വിരുദ്ധവുമാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റപ്പെടുത്തുന്നു.
ബില്ലിലെ ദോഷകരമായ നിര്‍ദേശങ്ങള്‍
● സ്വകാര്യ കമ്ബനികള്‍ക്ക് യാതൊരു നിയന്ത്രണവും കൂടാതെ വൈദ്യുതി വിതരണ മേഖലയിലേക്ക് കടന്നുവരാം. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏതൊരു കമ്ബനിക്കും അപേക്ഷ നല്‍കി -75 ദിവസത്തിനുള്ളില്‍ റെഗുലേറ്ററി കമീഷന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. അല്ലെങ്കില്‍ രജിസ്ട്രേഷന്‍ ലഭിച്ചതായി കണക്കാക്കാം.
● സംസ്ഥാന സര്‍ക്കാരുകളുടെ വിതരണസംവിധാനം നിലനില്‍ക്കുമ്ബോള്‍ത്തന്നെ ഒരേ മേഖലയില്‍ ഒന്നിലേറെ സ്വകാര്യ വൈദ്യുതി വിതരണ കമ്ബനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. വൈദ്യുതി വാങ്ങല്‍ കരാര്‍ പ്രകാരം ലഭ്യമാകുന്ന വൈദ്യുതി എല്ലാ കമ്ബനികള്‍ക്കുമായി പങ്കുവയ്ക്കണം. എന്നാല്‍ ആര്‍ക്കൊക്കെയാണ് വൈദ്യുതി നല്‍കേണ്ടതെന്ന് കമ്ബനികള്‍ തീരുമാനിക്കും. സ്വഭാവികമായും അതിസമ്ബന്നരും വന്‍വ്യവസായങ്ങളുമൊക്കെയാകും സ്വകാര്യ കമ്ബനികളുടെ ഉപയോക്താക്കള്‍. സൗജന്യനിരക്കില്‍ വൈദ്യുതി ലഭിക്കേണ്ട കര്‍ഷകരും ദരിദ്രരും ചെറുകിട യൂണിറ്റുകളുമൊക്കെ അവഗണിക്കപ്പെടും. ഇവര്‍ക്ക് വൈദ്യുതി നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന ഉടമസ്ഥതയിലെ വിതരണ കമ്ബനികള്‍ക്കാകും.
● ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിതരണകമ്ബനികള്‍ക്ക് രജിസ്ട്രേഷനുള്ള അധികാരം കേന്ദ്ര റഗുലേറ്ററി അതോറിറ്റിക്ക്. സംസ്ഥാനങ്ങളുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തും.
● വാങ്ങുന്ന വൈദ്യുതിയുടെ പണം മുന്‍കൂറായി ഉറപ്പുവരുത്തുന്നില്ലെങ്കില്‍ മേഖലാതല–- സംസ്ഥാനതല ലോഡ് ഡെസ്പാച്ച് കേന്ദ്രങ്ങള്‍ വിതരണം നിര്‍ത്തണം.
● കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന പുനരുപയോഗ വൈദ്യുതി വാങ്ങല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കനത്ത പിഴ ഈടാക്കാമെന്ന് ബില്ലില്‍ വ്യവസ്ഥ. കേന്ദ്രീകൃത സൗരോര്‍ജ നിലയങ്ങളുള്ള വന്‍കിട കുത്തകകളെ സഹായിക്കാനുള്ള ഉപാധിയെന്ന് ആക്ഷേപം.