Spread the love

അങ്ങാടിപ്പുറം: ഷൊർണൂർ – നിലമ്പൂർ റെയിൽ പാതയുടെ വികസനത്തിന് ആക്കം കൂട്ടിക്കൊണ്ട് പാതയിൽ വൈദ്യുതീകരണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. വൈദ്യുത കാലുകൾ സ്ഥാപിക്കുന്ന പ്രവർത്തികളാണ് നിലവില്‍ പുരോഗമിക്കുന്നത്.

പാലക്കാട് ഡിവിഷനിൽ നിലവിൽ ഷൊർണൂർ – നിലമ്പൂർ പാതയിൽ മാത്രമാണ് വൈദ്യുതീകരണം പൂർത്തിയാക്കാനുള്ളത്. 66 കിലോ മീറ്റർ പാതയിൽ നാല് കിലോമീറ്റർ വരുന്ന അങ്ങാടിപ്പുറം വാണിയമ്പലം നിലമ്പൂർ യാർഡുകളും ഉൾപ്പെടെ 70 കിലോമീറ്റർ വൈദ്യുതീകരിക്കുന്നതിന് 1300 കാലുകളാണ് സ്ഥാപിക്കുന്നത്. ഈ വർഷാവസാനത്തോടെ തന്നെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

സതേൺ റെയില്‍വേക്ക് കീഴിലുള്ള എട്ട് വൈദ്യുതീകരണ പ്രൊജക്ടുകളിൽ ഒന്നാണിത്. ഇവക്കെല്ലാം കൂടി 587.53 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആവശ്യമായ വൈദ്യുതിക്ക് മേലാറ്റൂരിൽ ആണ് ട്രാക്ഷൻ സബ്സ്റ്റേഷൻ നിർമിക്കുക. മേലാറ്റൂരിലെ 110 കെവി സബ് സ്റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുർശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിൽ സ്വിച്ചിങ് സ്റ്റേഷനുകളുണ്ടാകും. നിലമ്പൂരിൽ പവർ വാഗൺ ഷെഡ്ഡും ഓവർ ഹെഡ് എക്യുപ്പ്മെന്‍റ് ഡിപ്പോയും ഓഫീസും ക്വാർട്ടേഴ്സും ഒരുക്കും.

വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ പാതയിൽ മെമു സർവീസുകൾ ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസുകൾ സാധ്യത തെളിയും. നിലവിൽ രാജാറാണി ഉൾപ്പെടെയുള്ള ട്രെയിനുകൾ പാതയിൽ സഞ്ചരിക്കാൻ ഷൊർണൂരിൽ വന്നാൽ ഡീസൽ എൻജിൻ മാറ്റി ഘടിപ്പിക്കണം. ഇതിനായി അര മണിക്കൂറോളം ഷൊർണൂരിൽ ട്രെയിനുകൾ നിർത്തേണ്ട സാഹചര്യവുമുണ്ട്. എന്നാൽ പാത വൈദ്യുതീകരികുന്നതോടെ പൂർണമായും വൈദ്യുതി എൻജിൻ ഉപയോഗിക്കാനാകും.

കേരളത്തിലെ ഗ്രാമീണ സൗന്ദര്യവും കാനന ഭംഗിയും എല്ലാം ആസ്വദിച്ച് യാത്ര ചെയ്യാവുന്ന ഏറ്റവും മനോഹരമായ റെയിൽവേ പാതയായാണ് നിലമ്പൂർ – ഷൊർണൂർ പാത അറിയപ്പെടുന്നത്. ഇതിന് വലിയ കോട്ടം തട്ടാത്ത വിധം വൈദ്യുതീകരണം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തന്നെയാണ് റെയിൽവേ ലക്ഷ്യം വെക്കുന്നത്.

Leave a Reply