കൊച്ചി∙ ജയിലിൽ കിടക്കുന്നത് 72 സെക്കൻഡ് പോലും നല്ലതല്ലെന്നിരിക്കെ, ഒരു സ്ത്രീ 72 ദിവസം അകാരണമായി ജയിലിൽ കിടന്നതു മറക്കരുതെന്നു ഹൈക്കോടതി. ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജലഹരിക്കേസ് പരിഗണിക്കുമ്പോഴായിരുന്നു സർക്കാരിനോടുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അറിയിപ്പ്.
‘‘ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. 72 സെക്കൻഡ് പോലും ജയിലിൽ കിടക്കുന്നതു നല്ലതല്ല. ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക? ഞാനും നിങ്ങളും എല്ലാം അടങ്ങുന്ന നീതിന്യായ വ്യവസ്ഥയാണ് ഇവിടെ പരാജയപ്പെട്ടത്’’– കോടതി പറഞ്ഞു.
തന്നെ കേസിൽ കുടുക്കിയതിനും അകാരണമായി ജയിലിൽ അടച്ചതിനും എതിരെയും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണു ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണു കേസിലെ മുഖ്യപ്രതികൾ. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇതിനിടെ സർക്കാർ കോടതിയെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കൂടുതൽ വൈകിക്കാൻ പാടില്ലെന്നും കോടതി അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.