
തിരുവനന്തപുരം∙ സപ്ലൈക്കോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്കും വില വർധിച്ചു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വില കൂടുന്നത്. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വിപണി വിലയിലും 35% മാത്രമാകും വില കുറവ്. ഇതുവരെ 70%വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റംവരുത്താനും അറിയിച്ചു .
13 ഇനം സബ്സിഡി സാധനങ്ങളും പുതിയ വിലയും. നിലവിലെ വില ബ്രാക്കറ്റിൽ:
∙ ചെറുപയർ ഒരു കിലോഗ്രാം 92.63 രൂപ (74 രൂപ)
∙ ഉഴുന്ന് ഒരു കിലോഗ്രാം 95.28 (66 രൂപ)
∙ വൻകടല ഒരു കിലോഗ്രാം 69.93 (43 രൂപ)
∙ വൻപയർ ഒരു കിലോഗ്രാം 75.78 (45 രൂപ)
∙ തുവരപ്പരിപ്പ് ഒരു കിലോഗ്രാം 111.48 (65 രൂപ)
∙ മുളക് 500 ഗ്രാം 82.07 (75 രൂപ)
∙ മല്ലി 500 ഗ്രാം 78 (78 രൂപ )
∙ പഞ്ചസാര ഒരു കിലോഗ്രാം 27.28 (22 രൂപ)
∙ വെളിച്ചെണ്ണ അര ലീറ്റർ 55 .28 രൂപ (46 രൂപ)
∙ ജയ അരി 29.46 രൂപ (25 രൂപ)
∙ കുറുവ അരി 30.05 രൂപ (25 രൂപ)
∙ മട്ട അരി 30.86 രൂപ (24 രൂപ)
∙ പച്ചരി 26.08 രൂപ ( 23 രൂപ)
( എല്ലാ അരി ഇനങ്ങളും കൂടി പരമാവധി 10 കിലോഗ്രാം)
ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനം ആയി. സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനമാണ് ഇതോടെ മാറുന്നത്. അതുവരെ, വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ നടത്തിയിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തിരിച്ചടി ഭയന്ന് വിലകൂട്ടാൻ സർക്കാർ ഇതുവരെ മടിച്ചു നിൽക്കുകയായിരുന്നു. വില കൂട്ടുന്നതിനു ഭക്ഷ്യവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ നീക്കി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, വില കൂട്ടിയില്ലെങ്കിൽ സപ്ലൈകോയുടെ സാമ്പത്തികസ്ഥിതി ബുദ്ധിമുട്ടിലാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിനു നിർവാഹമില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
വില കൂട്ടുന്നതിന് എൽഡിഎഫ് നേരത്തേ അനുമതി നൽകിയിരുന്നു. ഭക്ഷ്യ–പൊതുവിതരണ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ അവസാനം ഇതിനുള്ള ശുപാർശ നൽകി. വിപണിവിലയിൽ 25% സബ്സിഡി അനുവദിച്ചാൽ മതിയെന്നായിരുന്നു എൽഡിഎഫ് യോഗം തീരുമാനിച്ചത്. എന്നാൽ, 35% എന്ന ഭക്ഷ്യ–പൊതുവിതരണ വകുപ്പിന്റെ ശുപാർശ ഒടുവിൽ അംഗീകരിച്ചു.
സബ്സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവിൽ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ 6 മാസത്തിലേറെയായി പല സാധനങ്ങളും വിപണിയിൽ ഇല്ല.