കോട്ടയം∙ വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെ സ്കൂൾ പഠനം സ്വാതന്ത്ര്യ ദിനത്തിനു ശേഷം പുനഃരാരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മേഖലയിലെ ആറു സ്കൂളുകളെ ഉരുൾപൊട്ടൽ ബാധിച്ചിട്ടുണ്ട്. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായത്. സ്കൂൾ പൂർണമായും തകർന്ന നിലയിലാണ്. രണ്ട് സ്കൂളുകൾ പുനർനിർമിക്കേണ്ടതുണ്ട്. ദുരന്തമേഖലയിൽ സ്കൂൾ കെട്ടിടം ഇനി പണിയില്ല. അതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം. ഇനി ഒരു പ്രകൃതി ദുരന്തമുണ്ടായാൽ അതിനെ കൂടി നേരിടുന്ന രീതിയിലുള്ള ഗംഭീര കെട്ടിടമാകും നിർമിക്കുക. ഇതിനായി സാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്തും. പൊതുജനങ്ങളിൽനിന്നു ആശയങ്ങൾ സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
‘‘ചൊവ്വാഴ്ചയാണു കൽപറ്റയിലെ ഉന്നതതല യോഗം. ഇതിനു മുന്നോടിയായി മുഖ്യമന്ത്രി എന്നെ വിളിച്ച് സംസാരിച്ചിരുന്നു. എത്രയും വേഗം ദുരിത മേഖലയിലെ വിദ്യാഭ്യാസം പുനഃരാരംഭിക്കണമെന്നായിരുന്നു നിർദേശം. ടൗൺഷിപ്പ് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ അതിനോടൊപ്പം സ്കൂളുകളുടെയും രൂപരേഖയുണ്ടാകും. ഒരു സ്കൂൾ നിർമിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത അറിയിച്ചു. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. അവരുടെയെല്ലാം അഭിപ്രായം തേടിയ ശേഷമേ തീരുമാനമെടുക്കൂ. കുട്ടികൾക്ക് കൗൺസിലിങ് നൽകേണ്ടതുണ്ട്. അതിനാണ് പ്രാധാന്യം. വിദ്യാർഥികളുടെ മാനസികാവസ്ഥ ശരിയായാൽ മാത്രമേ പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റൂ.
പ്രധാന കെട്ടിടം നിർമിക്കും മുൻപ് താൽക്കാലിക കെട്ടിടം സ്കൂളുകൾക്കായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഷെഡ് കെട്ടണമോ വാടക കെട്ടിടം വേണോയെന്നെല്ലാം തീരുമാനിക്കണം. പാഠപുസ്തകങ്ങൾ അച്ചടിക്കാൻ നിർദേശം നൽകി. ഈ സ്കൂളുകൾ മാത്രമല്ല, മഴ ബാധിച്ച പ്രദേശങ്ങളിലെ വിദ്യാർഥികളെ കൂടി ലക്ഷ്യമിട്ടാകും പാഠപുസ്തക അച്ചടി. വിചാരിച്ചതിനേക്കാൾ അധികം അച്ചടി വേണ്ടി വരും. എല്ലാ വിദ്യാർഥികൾക്കും സ്കൂൾ കിറ്റ് കൊടുക്കും. കിറ്റിൽ ചോറ്റുപാത്രം, കുടിവെള്ള കുപ്പി, കുട ഉൾപ്പെടെ എല്ലാമുണ്ടാകും. സർക്കാർ കിറ്റ് നൽകാൻ തയാറാണ്. സന്മനസ് ഉള്ളവർക്ക് ഒപ്പം ചേരാം. ആദ്യഘട്ടത്തിൽ എല്ലാം കുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസെടുക്കുക ബുദ്ധിമുട്ടായിരിക്കും. ജില്ലയിലെ മറ്റ് സ്കൂളുകളിലെ യോഗ്യരായ അധ്യാപകരെ കൂടി പ്രദേശത്തേക്ക് സ്ഥലം മാറ്റും. അത് തികഞ്ഞില്ലെങ്കിൽ സമീപ ജില്ലയായ കോഴിക്കോടുള്ള അധ്യാപകരെ നിയമിക്കും.
വിദ്യാർഥികൾക്ക് യൂണിഫോം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. എസ്എസ്എൽസി, പ്ലസ്ടൂ, ജനന സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭിക്കാനുള്ള കൗണ്ടർ അവിടെ തന്നെ തുടങ്ങും. കൗണ്ടറിൽ നിന്ന് ശേഖരിക്കുന്ന അപേക്ഷകളെല്ലാം തിരുവനന്തപുരത്ത് എത്തിച്ച ശേഷമാകും ക്രോഡീകരിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക. പണത്തിനു ധനവകുപ്പിനെ മാത്രം ആശ്രയിച്ചിരിക്കാൻ പറ്റില്ല. ആവശ്യത്തിനു പണം തരാൻ ജനം തയാറാണ്. അത്യാവശ്യം പണം വിദ്യാഭ്യാസ വകുപ്പിന്റെ പക്കലുണ്ട്. അതു തികയാത്ത സാഹചര്യം വന്നാൽ മറ്റുള്ള ജില്ലകളിലെ പ്ലാൻ ഫണ്ട് വെട്ടി കുറച്ചാണെങ്കിലും വയനാട്ടിൽ എല്ലാ സൗകര്യങ്ങളും ഉള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തും’’– ശിവൻകുട്ടി പറഞ്ഞു.