തമിഴ്നാട് കഴിഞ്ഞാല്‍ വിജയ്ക്ക് ഏറ്റവുമധികം ആരാധകരുള്ള സ്ഥലമാണ് കേരളം. മലയാളം സൂപ്പര്‍താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള വരവേല്‍പ്പാണ് ഇവിടെ വിജയ് ചിത്രങ്ങള്‍ക്ക് ആദ്യ ദിനം ലഭിക്കാറ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അഞ്ചാം തീയതി വ്യാഴാഴ്ചയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. പല കാരണങ്ങളാല്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്ന ചിത്രം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നോ? ഇപ്പോഴിതാ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് റിലീസ് ദിനത്തില്‍ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 5.75 കോടി ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ച 1.5 കോടിയും മൂന്നാം ദിനമായ ശനിയാഴ്ച 1.75 കോടിയും ചിത്രം നേടി. ഇവിടെനിന്ന് ആദ്യ മൂന്ന് ദിനങ്ങളിലെ നേട്ടം 9 കോടി. വിജയ്‍യുടെ അവസാന റിലീസ് ലിയോയുമായി തട്ടിച്ചുനോക്കാനാവില്ലെങ്കിലും മികച്ച കളക്ഷനാണ് ഇത്.
ആദ്യദിനം 12 കോടി ആയിരുന്നു ലിയോ കേരളത്തില്‍ നിന്ന് നേടിയത്. കേരളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനും ഇതുതന്നെ. അതേസമയം ചിത്രം ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 126.32 കോടി നേടിയതായി നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ് അറിയിച്ചിരുന്നു. ചിത്രം ഇതിനകം തമിഴ് സിനിമകളില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനും നേടിയിട്ടുണ്ട്. വെങ്കട് പ്രഭു ആദ്യമായി വിജയ്‍യെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഇരട്ട വേഷത്തിലാണ് എത്തിയിരിക്കുന്നത്.