Spread the love
വിദ്വേഷ ആക്രമണങ്ങൾ കൂടുന്നു, ജാഗ്രത: കാനഡയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ന്യൂദല്‍ഹി: കാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുകയാണ് എന്നും ഇന്ത്യക്കാര്‍ക്ക് എതിരേ അക്രമം ഏറുകയും ചെയ്യുന്നുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ഥികളും താമസക്കാരും ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എങ്കിലും കാര്യമായ നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. അനിഷ്ട സംഭവങ്ങളില്‍ ഒന്നും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. ഇതിനെ തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കണം എന്ന് ഇന്ത്യക്കാരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

കാനഡയില്‍ എത്തുന്നവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലോ, ടൊറന്റോയിലേയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യണം എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകും എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

സിഖുകാര്‍ക്ക് ഒരു പ്രത്യേക മാതൃരാജ്യത്തെ കുറിച്ചുള്ള ‘ഖാലിസ്ഥാന്‍ അനുകൂല’ ഘടകങ്ങളുടെ ഹിത പരിശോധനയെ ചൊല്ലിയുള്ള വലിയ നയതന്ത്ര തര്‍ക്കത്തിന്റെ ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തീവ്രവാദികള്‍ നടത്തുന്ന ഫാര്‍സിക്കല്‍ അഭ്യാസമാണ് ഹിതപരിശോധന എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചിരുന്നു.

Leave a Reply