പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിശക്ത മഴയില്‍ വടക്കന്‍ പ്രദേശമായ ഖൈബര്‍ പഷ്ണൂണ്‍ മേഖലയില്‍ വന്‍ നാശനഷ്ടം. ഓഗസ്റ്റ് 30 വരെ പ്രവിശ്യയിലെ എല്ലാ ജില്ലകളിലും മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ 30 ലക്ഷം ജനങ്ങളെ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. പ്രവിശ്യാ ദുരന്ത നിവാരണ സമിതി അതിശക്ത മഴയെ തുടര്‍ന്ന് സ്വാത് നദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. വെള്ളപ്പൊക്കത്തില്‍ ഇതുവരെയായി മരിച്ചവരുടെ എണ്ണം 1,000 കടക്കുമെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മണ്‍സൂണ്‍ മഴയുടെ ഫലമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34 പേര്‍ ഉള്‍പ്പെടെ ഈ വര്‍ഷം1000 ത്തോളം പേര്‍ കൊല്ലപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി (എന്‍ഡിഎംഎ) ഇന്നലെ അറിയിച്ചു.
ജൂണിലാണ് പാകിസ്ഥാനില്‍ മണ്‍സൂണ്‍ ആരംഭിച്ചത്. ഈ വര്‍ഷത്തെ വെള്ളപ്പൊക്കം 2010-നെ അപേക്ഷിച്ച് ഏറ്റവും മോശം റെക്കോര്‍ഡാണ്. 2010 ലെ മഴയില്‍ 2,000-ത്തിലധികം ആളുകള്‍ മരിക്കുകയും രാജ്യത്തിന്‍റെ അഞ്ചിലൊന്ന് പ്രദേശം വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.
ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളെ കൂടാതെ സ്വാത്, ഷാംഗ്ല, മിംഗോറ, കൊഹിസ്ഥാന്‍ മേഖലകളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. സ്വാത് മേഖലയിലെ വെള്ളപ്പൊക്കത്തില്‍ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. അഗല്‍, ദുരുഷ്ഖേല, ചമന്‍ലാലൈ, കലകോട്ട് എന്നിവിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ഇതുവരെയായി 251 മരണങ്ങളാണ് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കത്തില്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളും റെസ്റ്റോറന്‍റുകളും വെള്ളത്തിനടിയിലായതായി പാകിസ്ഥാന്‍ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ കാണാം.
അതേസമയം, ദേര ഇസ്മായില്‍ ഖാനിലും ടാങ്കിലും വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കെപി മുഖ്യമന്ത്രി മഹമൂദ് ഖാനും സന്ദര്‍ശിച്ചു. രാജ്യത്തുടനീളം ചെറുതും ഇടത്തരവുമായ അണക്കെട്ടുകള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ കഴിയുമെന്ന് ഇമ്രാന്‍ അഭിപ്രായപ്പെട്ടു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച സിന്ധ് താഴ്വാര സന്ദര്‍ശിച്ച് പ്രളയബാധിതര്‍ക്ക് 15 ബില്യണ്‍ പികെആര്‍ സഹായം പ്രഖ്യാപിച്ചു. ഇന്നലെ സ്വാതിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 12 പേര്‍ മരിച്ചു. ഇവിടെ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയത്.
വെള്ളപ്പൊക്കത്തില്‍ പള്ളികളും വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോകുമ്ബോള്‍ ആളുകള്‍ ജീവന്‍ രക്ഷിക്കാനായി ഓടുന്ന നിരവധി വിഡീയോകള്‍ പാകിസ്ഥാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വാത്തിലെ ഗ്വാലെറായിയിലെ ചതേക്കല്‍ മേഖലയില്‍ കനത്ത മഴയില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ഏഴു പേർ മരിച്ചു.
സമീപത്തെ ജനവാസ മേഖലയ്ക്ക് അപകടകരമായ രീതിയില്‍ നദി കരകവിഞ്ഞൊഴുകുമെന്ന് പ്രദേശിക എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി. സ്വാത് നദിയ്‌ക്കൊപ്പം പാക്കിസ്ഥാനിലെ സിന്ധു നദിയും കരകവിഞ്ഞ് കലബാഗ്, ചഷ്മ മേഖലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നദിയില്‍ വെള്ളപ്പൊക്കനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഈ ആഴ്ചയവസാനം പ്രദേശം കടുത്ത വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുമെന്ന് പാകിസ്ഥാന്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ സര്‍ക്കാര്‍ എല്ലാ പ്രവിശ്യകളിലും സൈനികരെ വിന്യസിച്ചു.
“പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സിവിലിയന്‍ അധികാരികളെ സഹായിക്കാന്‍ സൈനികര്‍ രംഗത്തുണ്ടെന്ന്.” പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണ സനാഉല്ല ട്വീറ്റില്‍ കുറിച്ചു. കാലാവസ്ഥാ ദുരന്തത്തെ നേരിടാന്‍ ദശലക്ഷക്കണക്കിന് ഡോളറിന്‍റെ സഹായം വേണ്ടിവരുമെന്നു കരുതുന്നു.
ദേശീയ പാതയോരങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട താത്കാലിക ഷെഡ്ഡുകളാണ് ജനങ്ങള്‍ കഴിയുന്നത്. 30 ലക്ഷത്തിലധികം പേരെ മഴ നേരിട്ട് ബാധിച്ചപ്പോള്‍ 220,000 വീടുകള്‍ തകര്‍ക്കപ്പെട്ടു. അര ദശലക്ഷത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. രണ്ട് ദശലക്ഷം ഏക്കര്‍ കൃഷി ചെയ്ത വിളകള്‍ സിന്ധ് പ്രവിശ്യയില്‍ മാത്രം നശിപ്പിക്കപ്പെട്ടെന്നും പ്രവിശ്യാ ഡിസാസ്റ്റര്‍ ഏജന്‍സി അറിയിച്ചു.
രാജ്യത്തെ പ്രളയം നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര ധനസഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആഗോള കാലാവസ്ഥാ അപകട സൂചികയില്‍ പാകിസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശവും ഉഷ്ണതരംഗത്തിന്‍റെയും വരള്‍ച്ചയുടെയും പിടിയിലാണ്. സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദില്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയിരുന്നു.
ഇതിന് തൊട്ട് പിന്നാലെയാണ് ഇപ്പോള്‍ അതിശക്ത മഴയില്‍ ഈ പ്രദേശങ്ങള്‍ മുഴുവനും വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കത്തില്‍ മിക്ക പാകിസ്ഥാന്‍ നഗരങ്ങളും ഇപ്പോള്‍ പൊറുതിമുട്ടുകയാണ്. വീടുകള്‍ വെള്ളത്തിനടിയിലാകുകയും റോഡുകളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബ്രിട്ടനിലേക്കുള്ള പ്രളയ പ്രതികരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിശ്ചയിച്ചിരുന്ന യാത്ര റദ്ദാക്കി. എല്ലാ വിഭവങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. “ഞാന്‍ വായുവില്‍ നിന്ന് കണ്ടു, നാശം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബലൂചിസ്ഥാന്‍റെ തെക്കും പടിഞ്ഞാറ് ഭാഗവുമാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങള്‍. വടക്കന്‍ പര്‍വതപ്രദേശങ്ങളില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നതിന്‍റെയും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ച് പോകുന്നതിന്‍റെയും നിരവധി ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയ്ക്ക് സമീപത്തെ വെള്ളപ്പൊക്കത്തില്‍ ഒരു പ്രധാന പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഈ ഭാഗത്തെക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി പാകിസ്ഥാന്‍ റെയില്‍വേ അറിയിച്ചു. മിക്ക മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും ഇന്‍റര്‍നെറ്റ് സേവനങ്ങളും തകരാറിലായി.