‘അമരൻ’ തിയറ്ററുകളിൽ എത്തുമ്പോൾ വീണ്ടും ചർച്ചായി മേജർ മുകുന്ദ് വരദരാജൻ. കശ്മിരിലെ ഷോപിയാന്‍ ഓപ്പറേഷനെ വിജയത്തിലെത്തിച്ച് ജീവന്‍ വെടിഞ്ഞ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമ പറയുന്നത്. 2014 ഏപ്രിൽ 25 നാണ് മേജര്‍ മുകുന്ദ് വരദരാജൻ വീരമൃത്യു വരിച്ചത്. പിന്നാലെ തൊട്ടടുത്ത വര്‍ഷം 2015 ല്‍ മരണാനന്തരം പരമോന്നത ബഹുമതിയായ അശോകചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അമരനായ അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ചത് രാജ്‍കുമാർ പെരിയസ്വാമിയാണ്.
‘എന്റെ കണ്ണുനീരാകരുത്, മുകുന്ദിന്റെ ധീരതയാകണം ലോകം കാണുന്നത്, മുകുന്ദ് ജീവിച്ചിരിക്കുന്നെങ്കില്‍ അശോകചക്ര വാങ്ങുന്നത് ഏറ്റവും അഭിമാനത്തോടെയായിരിക്കും, അതുതന്നെയേ ഞാനും ചെയ്തുള്ളൂ..’.2015ലെ റിപ്പബ്ലിക് ദിനത്തില്‍ അശോക ചക്ര ഏറ്റുവാങ്ങിയശേഷം ഇന്ദു റബേക്ക വര്‍ഗീസ് പറഞ്ഞ വാക്കുകളാണിത്.
ആരാണ് മുകുന്ദ് വരദരാജൻ?
1983 ഏപ്രില്‍ 12നാണ് തമിഴ്നാട് സ്വാദേശികളായ ആര്‍ വരദരാജന്റെയും ഗീതയുടെയും മകനായി മുകുന്ദ് ജനിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കോഴിക്കോട് ജോലി ചെയ്യുന്ന സമയത്താണ് മുകുന്ദിന്റെ ജനനം. മുകുന്ദിന്റെ മുത്തച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും പട്ടാളക്കാരാണ്. അതിനാല്‍ ചെറുപ്പം തൊട്ടേ മുകുന്ദിനും സേനയിൽ ചേരാനായിരുന്നു താത്പര്യം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി 2005ലാണ് അദ്ദേഹം സേനയുടെ ഭാഗമാകുന്നത്.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2006ല്‍, ധീരരായ സൈനികര്‍ക്ക് പേരുകേട്ട രജപുത്ര റെജിമെന്‍ന്റിന്റെ, 22 രജപുത്ര ബറ്റാലിയനിലേക്ക് ലെഫ്റ്റനന്റായി അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെട്ടു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2009 ലാണ് അദ്ദേഹം ഇന്ദു റബേക്ക വര്‍ഗ്ഗീസിനെ വിവാഹം കഴിക്കുന്നത്. പെൺകുഞ്ഞാണ് ദമ്പതികൾക്ക്. മുകുന്ദ് ജീവൻ വെടിയുമ്പോൾ മുന്ന് വയസ്സാണ് മകളുടെ പ്രായം.
ഓപ്പറേഷൻ ഖാസിപത്രി
2012 ഡിസംബറിലാണ് 44 രാഷ്‌ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ഭാഗമാകുന്നത്.
2014 ഏപ്രിൽ 25 നാണ്, ഷോപ്പിയനിലെ ആപ്പിള്‍ തോട്ടങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയടക്കുമുള്ള ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരം ലഭിച്ചത്. തുടർന്ന് മുകുന്ദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തി. ഇരുനിലകെട്ടിടത്തിലാണ് ഭീകരർ എന്ന് മനസ്സിലാക്കിയ മുകുന്ദ് പ്രദേശം പൂർണ്ണമായും വളഞ്ഞു. ഇതിനിടെ ഭീകരർ വെടിവെപ്പ് തുടങ്ങി.
മേജര്‍ മുകുന്ദും സഹസൈനികനായ വിക്രം സിങ്ങും വീടിനു മുന്നിലെ തോട്ടത്തിലൂടെ ഇഴഞ്ഞു നീങ്ങി. വീടിന്റെ പ്രധാനവാതിൽ ബോംബ് വെച്ച് തകർത്ത് അകത്ത് കടന്നു. പിന്നാലെ ഭീകർക്ക് നേരെ കനത്താക്രണം അഴിച്ചു വിട്ടു. നിരവധി ഭീകരർ തൽക്ഷണം കൊല്ലപ്പെട്ടു. അതിനിടെ കമാൻഡർ ഉൾപ്പെടെ ശേഷിക്കുന്ന രണ്ട് തീവ്രവാദികൾ ഗ്രനേഡ് സ്‌ഫോടനത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സൈന്യം നടത്തിയ നിര്‍ണ്ണായക നീക്കത്തിലൂടെ അല്‍ത്താഫ് വാനിയുപം ഭീകരരും കൊല്ലപ്പെട്ടു.
ചരിത്ര വിജയമായ ഓപ്പറേഷന്‍ ഖാസിപത്രയ്‌ക്ക് മേജര്‍ മുകുന്ദിന് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയായിരുന്നു. ഏറ്റുമുട്ടലിനിടെ മേജര്‍ മുകുന്ദിന്റെ ശരീരത്തില്‍ മൂന്ന് ബുള്ളറ്റുകള്‍ തറിച്ചിരുന്നു. ഓപ്പറേഷൻ പൂർത്തിയായതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു.ഉടന്‍ ശ്രീനഗറിലെ ആര്‍മി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ ഓഫീസറുടെ കൈകളില്‍ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മേജര്‍ മുകുന്ദിന്റെ നേതൃപാടവവും തന്ത്രപരമായ തീരുമാനവും പരിചയ സമ്പത്തുമായിരുന്നു ആ ഓപ്പറേഷന്റെ വിജയ രഹസ്യം.