യെമൻ∙ ചെങ്കടലിലെ വാണിജ്യ കപ്പലിനു നേരെ വീണ്ടും ഹൂതി ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. കഴിഞ്ഞ നവംബർ മുതൽ ചെങ്കടിലിലെ കപ്പലുകൾക്കു നേരെ ഹൂതി ആക്രമണം അഴിച്ചുവിടാറുണ്ടെങ്കിലും ഇതാദ്യമായാണ് ആക്രമണത്തെ തുടർന്ന് കപ്പൽ ഒഴിപ്പിക്കേണ്ടി വരുന്നത്.
കപ്പലിൽ ഉണ്ടായിരുന്നവരെ സുരക്ഷിതരായി ഏറ്റവും അടുത്ത തുറമുഖത്തെത്തിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.പ്രാദേശിക സമയം അനുസരിച്ച് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റൂബിമർ എന്ന കപ്പലിനുനേരെ മിസൈൽ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമും മുൻവശവും തകർന്നതായി ജിഎംഇസഡ് ഷിപ്പ് മാനേജ്മെന്റ് അധികൃതർ അറിയിച്ചു. ആർക്കും പരിക്കേറ്റതായി വിവരമില്ല.
ആക്രമണത്തിൽ കപ്പൽ മുങ്ങിയതായാണു ഹൂതി വക്താവ് അവകാശപ്പെട്ടത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.