ചന്ദ്രന്റെ ചെറുചന്ദ്രനായ ഡീമോസിന്റെ മിഴിവുറ്റ ബഹിരാകാശചിത്രം പുറത്തുവിട്ടിരിക്കുകയാണ് യുഎഇയുടെ ബഹിരാകാശ ഏജൻസി. അൽ അമാൽ എന്ന് അറബിയിൽ പേരുള്ള ഹോപ് സ്പേസ് പ്രോബ് യുഎഇയുടെ ആദ്യ അപരഗ്രഹദൗത്യമാണ്. രണ്ടുവർഷമായി ചൊവ്വയെ ഭ്രമണം ചെയ്യുന്ന ഈ പ്രോബ് പല തവണ ഡീമോസിന്റെ അരികിലൂടെ പോയിട്ടുണ്ട്.
ഇപ്പോൾ ഡീമോസിന് 110 കിലോമീറ്റർ അകലെ വന്നപ്പോഴാണ് മിഴിവുറ്റ ചിത്രമെടുത്തത്. ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് അളക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. പരിഭ്രാന്തി എന്നാണ് ഡീമോസ് എന്ന വാക്കിനർഥം. ചൊവ്വയിൽ നിന്ന് ശരാശരി 2346 കിലോമീറ്റർ അകലെയായാണ് ഡീമോസ് ഭ്രമണം ചെയ്യുന്നത്. ഡീമോസല്ലാതെ മറ്റൊരു ചന്ദ്രൻ കൂടി ചൊവ്വയ്ക്കുണ്ട്. ചൊവ്വയിൽ നിന്ന് 9377 കിലോമീറ്റർ അകലെ ഭ്രമണം ചെയ്യുന്ന ഈ വലിയ ചന്ദ്രന്റെ പേര് ഫോബോസ് എന്നാണ്.
ഭയം എന്നാണ് ഫോബോസ് എന്ന വാക്കിന്റെ അർഥം. ഇരുചന്ദ്രൻമാരെയും 1877ൽ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞനായ അസഫ് ഹാളാണ് കണ്ടെത്തിയത്.ഈ ചന്ദ്രൻമാർ എങ്ങനെ ചൊവ്വയ്ക്കു ചുറ്റും എത്തിയെന്ന ചർച്ചയും പുതിയ ചിത്രം ഉയർത്തിവിടുന്നുണ്ട്. പൊതുവെ ഈ ചന്ദ്രൻമാരുടെ ആവിർഭാവം സംബന്ധിച്ച് ശാസ്ത്രജ്ഞർക്ക് അത്ര തീർച്ചയില്ല. ചൊവ്വയ്ക്കരികിലൂടെ പോയ 2 ഛിന്നഗ്രഹങ്ങളാണ് ഇവയെന്നും ഇവയെ ചൊവ്വാഗ്രഹം തന്റെ ഭൂഗുരുത്വബലത്താൽ അടുപ്പിച്ച് ഉപഗ്രഹങ്ങളാക്കി നിർത്തുകയായിരുന്നെന്നും ചില ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ ഇതല്ലാതെയും വാദങ്ങളുണ്ട്. ഇരു ചന്ദ്രൻമാരും ഒരു കാലത്ത് ചൊവ്വയുടെ ഭാഗമായിരുന്നെന്നും ചൊവ്വയുടെ ഉപരിതലത്തിൽ സംഭവിച്ച ഒരു വലിയ ആഘാതം കാരണം ഇവ പുറത്തേക്കു തെറിച്ച് ഉപഗ്രഹങ്ങളാകുകയായിരുന്നെന്നും ചിലർ വിശ്വസിക്കുന്നു. ഇപ്പോൾ യുഎഇയുടെ പ്രോബ് നൽകുന്ന വിവരങ്ങളും ഈ വാദത്തെ പിന്തുണയ്ക്കുന്നതാണ്.2020ലാണ് ഹോപ് പ്രോബ് ഭൂമിയിൽ നിന്നു വിക്ഷേപിക്കപ്പെട്ടത്. 2021ൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.