നടിമാരുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും പരിശോധിക്കും. കമ്മിറ്റിക്ക് മൊഴി നൽകിയവരെ പൊലീസ് സംഘം കാണും. വനിതാ ഉദ്യോഗസ്ഥർ ഇവരുടെ മൊഴി രേഖപ്പെടുത്തും. പരാതിയുണ്ടെങ്കിൽ കേസും രജിസ്റ്റർ ചെയ്യും.
ജസ്റ്റിസ് ഹേമയിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. പോക്‌സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കും. പോക്‌സോ വകുപ്പിൽ വരുന്ന വെളിപ്പെടുത്തലുകൾ ഗൗരവമായി പരിഗണിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും. അതിന് ശേഷം അന്വേഷണം സംബന്ധിച്ച് കൂടുതൽ തീരുമാനമുണ്ടാവും.
നിലവിൽ വെളിപ്പെടുത്തൽ നടത്തിയവരിൽ എത്ര പേർ പരാതി നൽകുമെന്നതാണ് പൊലീസിനെ കുഴക്കുന്നത്. ആരോപണങ്ങളിൽ കേസെടുത്താൽ അത് കോടതിയിൽ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ പരാതി ഉന്നയിച്ചവരെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ സന്ദർശിച്ച് വിവരങ്ങൾ തേടും. പരാതി നൽകുന്നില്ലെങ്കിൽ അതിന് എന്താണ് തടസ്സമെന്നും അന്വേഷിക്കും.