പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം തന്നെ സോഷ്യൽ മീഡിയയിലൂടെ നടന്നിരുന്നു. അച്ഛനും അമ്മയും തന്റെ മക്കളു മൊക്കെയായി ഉല്ലാസയാത്രയ്ക്ക് കശ്മീരിലേക്ക് പോയ തങ്ങൾ ഭീകരാക്രമണം മുന്നിൽകണ്ട അനുഭവവും തന്റെ കൺമുന്നിൽ വച്ച് അച്ഛൻ കൊല്ലപ്പെട്ടതും തന്റെ ഇരട്ടക്കുട്ടികളെയും എടുത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതും ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചതുമെല്ലാം ആരതി മീഡിയക്ക് മുന്നിൽ വന്നു പറഞ്ഞിരുന്നു.
പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനം ആയിരുന്നു ആരതിക്കെതിരെ ഉയർന്നത്. വെടിയേറ്റ അച്ഛനെ ഒഴിവാക്കി ആരതി മക്കളുമായി മുന്നോട്ടു നീങ്ങിയത് ശരിയായില്ലെന്നും അച്ഛൻ മരിച്ചാൽ എന്താ അണിഞ്ഞൊരുങ്ങി ലിപ്സ്റ്റിക്കും ഇട്ടാണല്ലോ മീഡിയയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് എന്നും ഇതെന്തുവാടെ.. ഇവളുടെ അച്ഛന്‍ തന്നെയല്ലേ അത്. അച്ഛന്‍ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്, തുടങ്ങി നിരവധി മോശം കമന്റുകളാണ് ആരതിയുടെ വീഡിയോകൾക്ക് താഴെ നിറഞ്ഞത്.
മറ്റുചിലരാകട്ടെ വിഷയത്തെ വർഗീയമായും ചിത്രീകരിച്ചു. സ്വന്തം അച്ഛൻ മരിച്ചാലെന്താ സഹോദരിക്ക് രണ്ട് മുസ്ലീം സഹോദരന്മാരെ കിട്ടിയല്ലോ, ഇങ്ങനെ ഒരാൾ ഹിന്ദു മതത്തിൽ പിറന്നതിൽ ഖേദിക്കുന്നു തുടങ്ങി നിരവധി കമന്റുകളാണ് ഇത്തരത്തിലും വന്നത്. ഇപ്പോഴിതാ വിഷയത്തിൽ ആരതിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മഞ്ജുവാണി. ആക്രമണത്തെ അതിജീവിച്ച ആരതിയെ വിമർശിക്കുന്നവർ അവരുടെ സ്ഥാനത്ത് തങ്ങൾ ആയിരുന്നുവെങ്കിൽ എന്തു ചെയ്യും എന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും ഇത്തരത്തിൽ കൂട്ടംകൂടി വിമർശിക്കുന്നതും ഒരുതരം തീവ്രവാദമാണെന്നും മഞ്ജുവാണി പറയുന്നു.
മഞ്ജു വാണിയുടെ വാക്കുകൾ
‘‘നമുക്കു ചുറ്റും മനോരോഗികളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. സ്ത്രീയെന്നോ പുരുഷനെന്നോ ഒരു വ്യത്യാസവുമില്ല. പഹൽഗാമിൽ വെടിയേറ്റ് മരിച്ച മലയാളി രാമചന്ദ്രൻ ഒരു ധീരനായ പിതാവായിരുന്നു എന്നതിന് ജീവിച്ചിരിക്കുന്ന, ഭീകരാക്രമണത്തിന്റെ ട്രോമയിൽ നിന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന, മകൾ ആരതി തന്നെ ഉദാഹരണം. എത്ര ധീരമായിട്ടാണ് ആ പെൺകുട്ടി താൻ നേരിട്ട് അവസ്ഥയെക്കുറിച്ചും, എടുത്ത തീരുമാനങ്ങളെക്കുറിച്ചും പതറാതെ സംസാരിക്കുന്നത്. തമാശ അതല്ല, ഈ പെൺകുട്ടിയെ വിമർശിക്കുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകൾ ആണെന്നുള്ളതാണ്, അതും ചെറുപ്പകാരികൾ.
എന്തോ ഒന്ന് ചോദിക്കുന്നു, അറിയില്ല എന്ന് പറയുന്നു, പോയിന്റ് ബ്ലാങ്കിൽ തലയിലേക്ക് തോക്കിന്റെ കുഴൽ ചേർത്തുവച്ച് കാഞ്ചി വലിക്കുന്നു, കൊല്ലുന്നു. പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാൽ ജീവൻ അവശേഷിക്കും എന്ന് ചിന്തിക്കാൻ മാത്രം വിഡ്ഢി അല്ല ആ പെൺകുട്ടി എന്ന് അവളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും. ഈ വിമർശിക്കുന്നവർ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ എന്നൊന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ
അച്ഛനും അമ്മയും ഒക്കെയായി തന്റെ മക്കളെയും ചേർത്തുപിടിച്ച് ഉല്ലാസയാത്രയ്ക്ക് കശ്മീരിലേക്ക് പുറപ്പെട്ട ആരതിയുടെ കൺമുമ്പിൽ അച്ഛൻ മരിച്ചു കിടക്കുകയാണ്, തീവ്രവാദികളുടെ വെടിയേറ്റ്. തന്റെ ഇരട്ടക്കുട്ടികളെ രക്ഷപ്പെടുത്തണം എന്നല്ലാതെ ഒരു അമ്മയായ ആരതി മറ്റെന്താണ് ചിന്തിക്കേണ്ടിയിരുന്നത്? അവർ ഉറക്കെ നിലവിളിച്ചു എന്നും മക്കളുടെ നിലവിളി കേട്ടപ്പോഴാണ് അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കാര്യം ഓർത്ത് പാനിക് ആവാതെ ഇനിയെന്തുവേണമെന്ന് ചിന്തിച്ച് തീരുമാനിക്കണം എന്നവർ ഉറപ്പിച്ചത് എന്നും ഒക്കെ പറയുന്നുണ്ട്.
പക്ഷേ മനോരോഗികൾക്ക് അതൊന്നും പോര. കരയണം, തൊണ്ടയിടറണം, പറ്റുമെങ്കിൽ ഒരല്പം ഭയം അഭിനയിക്കണം. കാരണം അവർ പെണ്ണല്ലേ!!! സുധീരയായി തന്റെ അമ്മയെ നടന്നതൊന്നും അറിയിക്കാതെ സംരക്ഷിച്ച് വീട്ടിലേക്ക് എത്തിച്ച തന്റെ കുഞ്ഞുങ്ങൾക്ക് അപകടം ഒന്നും കൂടാതെ ചേർത്തുപിടിച്ച ആ അമ്മയെ, ആ മകളെ അവഹേളിക്കുന്ന സമൂഹമേ, നിങ്ങൾക്കും മാപ്പില്ല. ഇതും മറ്റൊരുതരം തീവ്രവാദം തന്നെ.’’–മഞ്ജുവാണിയുടെ വാക്കുകൾ.