Spread the love

ഒരൊറ്റ രാത്രി കൊണ്ട് ഒരു നാടിനെ വയനാടിന്റെ ഭൂപടത്തിൽ നിന്നു തന്നെ ഉരുൾ കീറിയെടുത്തു കൊണ്ടുപോയ ഭയാനക സംഭവം. മഹാദുരന്തത്തിനിപ്പുറം അരയും കയ്യും മുറുക്കി മലയാളികൾ ഒന്നിച്ച് ദുരന്തബാധിതരെ തിരിയെ ജീവിതത്തിലേക്ക് വലിച്ച്‌ കയറ്റുന്ന സന്ദർഭമാണിത്. മലയാളികൾക്ക് പുറമേ അതിർവരമ്പുകൾക്കപ്പുറം പല മേഖലയിലുള്ളവരും ഭാഷ പറയുന്നവരും വയനാടിനൊപ്പം നിന്നു. സിനിമാ മേഖലയിലുള്ളവർ നൽകിയ സംഭാവനകളും സഹായങ്ങളും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ട മാതൃകകളുമായി.

ദുരന്തമുഖത്തെ മനുഷ്യരുടെ വേദനയോട് ഐക്യപ്പെട്ട് പല സിനിമകളും നല്ല മാതൃകയായി റിലീസ് തീയതി മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ കരുതലിന്റെ മറ്റൊരു മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ വരുന്ന ഓഗസ്റ്റ് 9ന് റിലീസിന് എത്തുന്ന ചിത്രം സിക്കാഡയുടെ അണിയറ പ്രവർത്തകർ.’ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? സിക്കാഡ ഓഗസ്റ്റ് 9ന് തന്നെ റിലീസ് ചെയ്യും. സിനിമയുടെ വരുമാനത്തിൽ നിന്നും ലഭിക്കുന്ന ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിക്കും’. പ്രശംസാർഹമായ സഹായ നടപടികളാണ് സിനിമ മേഖലയിൽ നിന്നും ഇതുവരെയും വയനാടിന് ലഭിച്ചിട്ടുള്ളത്. ഈ അവസരത്തിലാണ് കരുതലിന്റെ കരങ്ങളുമായി ടീം സിക്കാഡയും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ എന്തുകൊണ്ട് റിലീസ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്നതിന് സംവിധായകൻ ശ്രീജിത്ത് ഇടവന തന്നെ വിശദീകരണം വ്യക്തമാക്കിയിട്ടുണ്ട്. ‘ ലോകം മുഴുവൻ വയനാടിനൊപ്പം നിൽക്കുമ്പോൾ ഞങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി കൂടെപ്പിറപ്പുകൾക്ക് സഹായം എത്തിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ആദ്യപടി എന്നോണം ഞങ്ങളുടെ സിനിമ ‘സിക്കാഡ’ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും. സിനിമയുടെ റിലീസിലൂടെ ലഭിക്കുന്ന തുകയിൽ നിന്നും വലിയൊരു വിഹിതം വയനാടിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് എത്രയും പെട്ടെന്ന് നൽകാൻ സിനിമ ഓഗസ്റ്റ് 9 തന്നെ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് ഞങ്ങൾ കരുതുന്നു. സിനിമയുടെ വിജയപരാജയങ്ങൾക്കപ്പുറം സദുദ്ദേശത്തോടെ മുന്നോട്ട് പോവുകയാണ്. സംവിധായകൻ ശ്രീജിത്ത് കുറിച്ചു.

Leave a Reply