കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ റിപ്പോർട്ട്. കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയമാണ് ഈ സർവേ നടത്തുന്നത്.
കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ റിപ്പോർട്ട്. കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയമാണ് ഈ സർവേ നടത്തുന്നത്. സർവേയുടെ അടിസ്ഥാനത്തിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്. 46 ശതമാനം കാറുകളാണ് ഗോവയിലുള്ളത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. സംസ്ഥാനത്ത് 26 ശതമാനം കാറുകളാണുള്ളത്.
ഇന്ത്യയിലെ ജനസംഖ്യാ അടിസ്‌ഥാനത്തിൽ നോക്കുമ്പോൾ വെറും എട്ട് ശതമാനത്തോളം കുടുംബങ്ങൾക്ക് മാത്രമാണ് സ്വന്തമായി കാറുള്ളത്. എന്നാൽ കേരളത്തിലെ കണക്ക് പരിശോധിക്കുമ്പോള്‍ നാലിലൊന്ന് കുടുംബത്തിന് കാറുണ്ട്. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിലുമധികമാണ് ഈ വാഹനപ്പെരുപ്പം.
ജനസാന്ദ്രത കൂടിയ സംസ്ഥാനമായതുകൊണ്ട് റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് പരിമിതികൾ ഏറെയാണ്. കാറുകളുടെ എണ്ണത്തിലുമധികമാണ് കേരളത്തിൽ ഇരുചക്ര വാഹനങ്ങൾ. വാഹനപ്പെരുപ്പം മാത്രമല്ല കേരളം നേരിടുന്ന പ്രശ്നം. ഇവ പുറന്തള്ളുന്ന കാർബൺ വലിയതോതിൽ വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്
സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ കാർബൺ ബഹിർഗമനം കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഈ പദ്ധതി വരുന്നതോടെ 2025 ആകുമ്പോഴേക്കും ഏകദേശം 2,80,000 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ കഴിഞ്ഞേക്കും. സിൽവർലൈനിന് വേണ്ടി 15 മുതൽ 25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആറുവരി ദേശീയ പാതയ്ക്ക് ഇതിന്റെ ഇരട്ടിയിലേറെ ഭൂമി വേണ്ടി വരും.
ആറു വരി ദേശീയ പാതയിൽ സഞ്ചരിക്കുന്നതിലുമധികം പേർക്ക് ഒരേ സമയം സിൽവർലൈനിൽ യാത്ര ചെയ്യാനും കഴിയും. ഊർജ കാര്യക്ഷമതയിലും വിഭവശേഷി മെച്ചപ്പെടുത്തുന്നതിലും ഗണ്യമായ നേട്ടങ്ങൾ നൽകുന്നതിനാൽ റെയിൽ അധിഷ്ഠിത ഗതാഗതം ഏറ്റവും പരിസ്ഥിതി സൗഹൃദ ബഹുജന ഗതാഗത സംവിധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. റോഡ് ഗതാഗതത്തെ അപേക്ഷിച്ച് റെയിൽ ഗതാഗതം മൂന്ന് മടങ്ങ് കാര്യക്ഷമവുമാണ്.