Spread the love

ഒരിടവേളയ്ക്ക് ശേഷം ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ സജീവമായതോടെ മുന്നറിയിപ്പുമായി പൊലീസ് രംഗത്ത്. ചതിയിൽപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചതോടെ പൊലീസിന്റെ ജില്ലാ ഫേസ് ബുക്ക് പേജ് വഴിയാണ് മുന്നറിയിപ്പ്. സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഓൺലൈൻ ലോൺ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടുള്ളതല്ല.

യൂട്യൂബോ ഫേസ് ബുക്കോ വഴി കിട്ടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകും. ലോണുകൾ എടുത്തു കഴിഞ്ഞാൽ ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാർ ഈടാക്കുക. തുക തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ലോണിനായി നൽകുന്ന ഫോട്ടോയും മറ്റ് വിവരങ്ങളും എഡിറ്റ് ചെയ്ത് പലർക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്. ഇത്തരത്തിൽ നിരവധി പേരാണ് ദിവസവും ചതിക്കുഴികളിൽ വീഴുന്നത്.

മാനഹാനി ഭയന്ന് പലരും ചോദിക്കുന്ന തുക തിരിച്ചു നൽകുകയാണ് ചെയ്യുന്നത്. കൂടുതൽ തുക ചോദിക്കുകയോ ശല്യം കൂടുകയോ ചെയ്യുമ്പോഴാണ് പലരും സ്റ്റേഷനുകളിലെത്തി പരാതി പറയുന്നത്. ദിനംപ്രതി 15 മുതൽ 20വരെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ സെെബർ പൊലീസിൽ പരാതികൾ പറയുന്നുണ്ടെങ്കിലും മാനക്കേട് മൂലം കേസ് രജിസ്റ്റർ ചെയ്യാറില്ല. ആരെയും ആശ്രയിക്കാതെ പണം കടമെടുക്കാൻ സാധിക്കുന്ന സാഹചര്യങ്ങൾ തേടുന്ന സാധാരണക്കാരായ ചെറിയ ബിസിനസുകാരും വീട്ടമ്മമാരുമാണ് ലോൺ ആപ്പുകളെന്ന ചതിക്കുഴിയിൽ കൂടുതലും വീഴുന്നത്. ബാങ്കിൽ പോവണ്ട, വരുമാനം തെളിയിക്കാൻ കരമടച്ച രസീതും സാലറി സ്ലിപ്ലും സർട്ടിഫിക്കറ്റും വേണ്ട നിമിഷങ്ങൾക്കകം ലോൺ ലഭിക്കും. ഇതാണ് ആളുകളെ ഇൻസ്റ്റന്റ്ലോൺ ആപ്പ് മുഖേന പണമെടുക്കാൻ പ്രേരിപ്പിക്കുന്നത്.

സാധാരണ ഒരു മിനിമം സ്കോർ എങ്കിലും ഉണ്ടെങ്കിലേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോണും ക്രെഡിറ്റ് കാർഡും അനുവദിക്കുകയുള്ളൂ. എന്നാൽ ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷനിൽ നിന്നും ലോൺ എടുക്കാൻ സിബിൽ സ്കോറിന്റെ ആവശ്യമില്ല. ഇത്തരത്തിൽ ആയിരക്കണക്കിന് ആപ്ലിക്കേഷനുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിലുള്ളത്. ഈ ആപ്ലിക്കേഷനുകൾ ഒന്നുംതന്നെ സർക്കാരിന്റെ അനുവാദത്തോടെയോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ചോ പ്രവർത്തിക്കുന്നവയല്ല. ഏകദേശം ആറു മാസം മുമ്പ് ഇത്തരം ആപ്പുകളെ റിസർവ് ബാങ്ക് ഇടപെട്ട് നിയന്ത്രിച്ചിരുന്നെങ്കിലും ഒരിടവേളയ്ക്കുശേഷം ഇവ വീണ്ടും വ്യത്യസ്ത പേരുകളിൽ വ്യാപകമാകുകയാണ്.

Leave a Reply