കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 10 പേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ടാം പ്രതി അടക്കം മൂന്നു പേരെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു. രണ്ടാം പ്രതി എംഎച്ച് ഫൈസല്‍, 14ാം പ്രതി മുഹമ്മദ് ഫസല്‍, 22ാം പ്രതി ഉമര്‍ ഫറൂഖ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്.മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് 2013ല്‍ എന്‍ഐഎ കോടതി വിധിച്ചത്. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി ബുഹാരി തുടങ്ങി 13 പ്രതികളാണ് ശിക്ഷ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയത്. പ്രതികൾക്കെതിരെ ചില കുറ്റങ്ങൾ വിചാരണ കോടതി ഒഴിവാക്കിയതിനെതിരെ എന്‍ഐഎ നൽകിയ അപ്പീൽ ഹൈക്കോടതി അനുവദിച്ചു.
നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു പേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. 13 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം അടക്കമുള്ള ശിക്ഷ വിധിച്ചത്.