Spread the love

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി സൈന്യം ബെയ്‍ലി പാലം നിർമ്മിച്ചതോടെ കൂടുതൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനമാനു മുണ്ടക്കൈ മേഖല കേന്ദ്രീകരിച്ച് ഇപ്പോൾ നടക്കുന്നത്. ഉരുൾപ്പൊട്ടലിൽ തകർന്ന മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതായിരുന്നു സൈന്യം നിർമിച്ചു നൽകിയ പാലം.

അതിജീവിച്ചവർക്കും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷിക്കാനും മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്താനുമൊക്കെ ഏറെ ബുദ്ധിമുട്ടായിരുന്നു മറുകരയിലേക്ക് എത്തിച്ചേരുന്നതിനുള്ള ഗതാഗത സംവിധാനം ഇല്ലാത്തതിനാൽ. പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലം ഇല്ലാത്തത് കൊണ്ടുതന്നെ യന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ നടത്താനും ഇത് തടസമാവുകയായിരുന്നു. ഈ ഘട്ടത്തിലാണ് മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുള്ളതുമായ ബെയ്‍ലി പാലം പ്രസക്തമായത്. ഡൽഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴി എത്തിച്ച ട്രക്കുകളിലായിരുന്നു നിർമിക്കാനാവശ്യമായ സാധനങ്ങൾ കൊണ്ടുവന്നത്. 36 മണിക്കൂറിനുള്ളിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇന്ത്യൻ സൈന്യം റെക്കോർഡ് സമയം കൊണ്ട് വായനാടിനായി സമർപ്പിച്ച ബെയ്‍ലി പാലത്തെ കുറിച്ചറിയാം

രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരാണ് ഈ ആശയം ആവിഷ്കരിച്ചത്. ബ്രിട്ടീഷ് സർക്കാരിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയുടെ ആശയമായിരുന്നു ഇത്. ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങൾ നിർമ്മാണ സ്ഥലത്ത് ട്രക്കുകളിൽ എത്തിക്കാൻ എളുപ്പമാണ്. അടിയന്തര ഘട്ടങ്ങളിലാണ് ഇവ പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമ്മാണം. . ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണു സാധാരണ നിർമ്മിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയ്ലി പാലം നിർമ്മിച്ചത് കേരളത്തിലാണ്. പമ്പാ നദിക്ക് കുറുകെയായിരുന്നു ഈ പാലം. പത്തനംതിട്ടയിലെ റാന്നിയിലെ പമ്പാദിക്ക് കുറെകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പകരം താത്ക്കാലികമായി ബെയ്ലി പാലം നിർമിച്ചത്. 1996 നവംബർ എട്ടിനാണ് റാന്നിയിൽ സൈന്യം ബെയ്ലി പാലം നിർമിച്ചത്.

രാജ്യത്ത് ആദ്യമായി സൈനികാ ആവശ്യത്തിനായി ബെയ്ലി പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണ് ഈ പാലം നിർമ്മിച്ചത്. ഇതിന് 30 മീറ്റർ‌ ( 98 അടി ) നീളമാണ് ഉണ്ടായിരുന്നത്. സമുദ്ര നിരപ്പിൽ നിന്നും 5,602 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഈ പാലം നിർമ്മിച്ചത് ‌അതേ സമയം മുണ്ടക്കൈയിൽ 190 അടിനീളത്തിലാണ് പാലം നിർമ്മിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലം ആണിത്. നീളം കൂടതലായതിനാൽ മധ്യത്തിൽ തൂണ് സ്ഥാപിച്ചാണ് പാലം നിർമിക്കുന്നത്. ഡൽ​​ഹിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ വിമാന വഴി എത്തിച്ച ട്രക്കുകളിലാണ് കൊണ്ടുവന്നത്.

Leave a Reply