കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.
ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോ വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടിയുമായി എത്തിയ വേണു തനിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നത് എന്നും മോശം കമന്റ് ഇടുന്നവർ ആരും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല എന്നും രേണു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോഴിതാ രേണുവിന് താൻ പലയിടത്തുനിന്നും ജോലി ശരിയാക്കി കൊടുത്തിരുന്നുവെന്നും പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നുവെന്നും പറയുകയാണ് കൊല്ലം സുധിയെ ഹിറ്റാക്കിയ റിയാലിറ്റി ഷോയായ സ്റ്റാർ മാജിക്കിന്റെ ഷോ ഡയറക്ടറായ അനൂപ് ജോൺ.
”സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോൾ. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാൻ ആർക്കും അവകാശമില്ല. പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അവർ ഈ ഫീൽഡിലേക്ക് വന്നത്. ആർക്കും അഭിപ്രായം പറയാം. പക്ഷേ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല”, അനൂപ് ജോൺ കൂട്ടിച്ചേർത്തു