Spread the love
“കോഴിക്കോട്– പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ; ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനമായി”

മലപ്പുറം: കോഴിക്കോട്– പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേക്കായി മലപ്പുറം ജില്ലയിൽ ഭൂമിയേറ്റെടുക്കുന്നതിനു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ത്രീ എ വിജ്ഞാപനം പുറപ്പെടുവിച്ചു. 3 താലൂക്കുകളിലെ 15 വില്ലേജുകളിൽനിന്നായി 52.96 കിലോമീറ്റർ ദൂരത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
122 കിലോമീറ്റർ പാത പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണു കടന്നുപോകുന്നത്. കോഴിക്കോട് ഭൂമിയേറ്റെടുക്കുന്നതിനു ത്രീ എ വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു.

ഏറ്റെടുക്കുന്നത് എവിടെയെല്ലാം…?

ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിലായി 15 വില്ലേജുകളിൽ നിന്നാണു ഭൂമിയേറ്റെടുക്കുന്നത്. ഭൂമിയേറ്റെടുക്കുന്ന പ്രദേശങ്ങൾ ഇവയാണ്. ഏറ്റെടുക്കുന്ന ആകെ സർവേ നമ്പറുകളുടെ എണ്ണം ബ്രാക്കറ്റിൽ.
അരീക്കോട് ബ്ലോക്ക് 31 (95 ), ബ്ലോക്ക് 32 (152), ചെമ്പ്രശ്ശേരി ബ്ലോക്ക് 146 (138), ബ്ലോക്ക് 147 (34), എളങ്കൂർ ബ്ലോക്ക് 63 (59), ബ്ലോക്ക് 64 (98), ബ്ലോക്ക് 65 (57 ), കാവനൂർ ബ്ലോക്ക് 28 (169), പെരകമണ്ണ ബ്ലോക്ക് 68 (123), വെട്ടിക്കാട്ടിരി ബ്ലോക്ക് 143 (72), ചീക്കോട് ബ്ലോക്ക് 16 (24), ബ്ലോക്ക് 17 (103), മുതുവല്ലൂർ ബ്ലോക്ക് (15 (180), വാഴക്കാട് ബ്ലോക്ക് 18 (242), ബ്ലോക്ക് 19 (27), കാരക്കുന്ന് ബ്ലോക്ക് 66 (157), ബ്ലോക്ക് 67 (10), വാഴയൂർ ബ്ലോക്ക് 6 (51), കരുവാരകുണ്ട് ബ്ലോക്ക് 153 (73), പോരൂർ ബ്ലോക്ക് 142 (62), തുവ്വൂർ ബ്ലോക്ക് 149 ( 106), ബ്ലോക്ക് 150( 126), എടപ്പറ്റ വില്ലേജ് (31).

ഇനിയെന്ത്.. ?

കേന്ദ്ര സർക്കാർ വിജ്ഞാപനം ഉടൻ 2 മലയാള പത്രങ്ങളിൽ പരസ്യപ്പെടുത്തും. പരാതിയുണ്ടെങ്കിൽ 21 ദിവസത്തിനകം കോട്ടയ്ക്കലിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്ടർ മുൻപാകെ രേഖാമൂലം ബോധിപ്പിക്കാം. പരാതി പരിശോധിച്ചു തീരുമാനമെടുത്താൽ അത് അന്തിമമായിരിക്കും. ശേഷം സർവേയർമാർ വീണ്ടും ഫീൽഡിൽ പരിശോധന നടത്തി അന്തിമ അലൈൻമെന്റ് തയാറാക്കും.

ഇതിനു ശേഷം കേന്ദ്രം ത്രീ ഡി വിജ്ഞാപനമിറക്കുന്നതോടെ ഭൂമി സർക്കാരിൽ നിക്ഷിപ്തമാകും. നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ അതിനു ശേഷമായിരിക്കും തുടങ്ങുക. കെട്ടിടങ്ങൾക്കും സ്ഥലത്തിനും നൽകുന്ന വില സംബന്ധിച്ച് ഡീറ്റെയ്ൽഡ് വാല്യുവേഷൻ സ്റ്റേറ്റ്മെന്റ് തയാറാക്കും. ഇതുപ്രകാരമുള്ള തുക ദേശീയപാതാ അതോറിറ്റി നൽകിയ ശേഷമായിരിക്കും ഭൂമിയേറ്റെടുക്കൽ നടപടിയിലേക്കു കടക്കുക.

Leave a Reply