Spread the love

നിമ വെറുമൊരു കച്ചവട ഉപാധി മാത്രമല്ല മറിച്ച് തലമുറകളെ സ്വാധീനിക്കാൻ കഴിവുള്ള ഒരു കലാ സൃഷ്ടി കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ആഴത്തിൽ പ്രാപിച്ച ആളാണ് സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്. ഒരു വിനോദ ഉപാധി എന്നതിനപ്പുറം സിനിമാസ്വാദകരെ കരയിച്ച, ചിരിപ്പിച്ച, നോവിച്ച ജീവിതത്തിന്റെ കയ്പ്പും തേനും ഒരുപോലെ ഉൾകൊണ്ട അനുഭവങ്ങൾ കൂടിയായിരുന്നു ലോഹിത ദാസിന്റെ സിനിമകൾ.

എൺപതുക്കളുടെ രണ്ടാം പാതിയിൽ എഴുതിക്കൂട്ടിയ തിരക്കഥയുമായി തന്റെ മുന്നിലേക്ക് വന്ന ലോഹിത ദാസ് എന്ന പുതുമുഖം മലയാള ചലച്ചിത്ര തറവാട്ടിലെ ‘ ഹിസ് ഹൈനസ്’ ആകുമെന്ന് തിരിച്ചറിയാൻ മുതിർന്ന സംവിധായകൻ സിബി മലയിലിന് നിഷ്പ്രയാസം സാധിച്ചപ്പോൾ മലയാളത്തിന് ലഭിച്ചത് ‘തനിയാവർത്തനം’ എന്ന സിനിമ കാവ്യം. തനിയാവർത്തനത്തിലെ ബാലൻ മാഷിന്റെ മാനസികവ്യഥകളും, അമ്മ -മകൻ ബന്ധത്തിന്റെ ആഴവും, വിശ്വാസവും ബന്ധവും കൂടിക്കലരുമ്പോൾ ഉള്ള സങ്കീർണതകളും സിനിമാനുഭവവുമായി പ്രേക്ഷകർ കണ്ടിറങ്ങിയപ്പോൾ ലോഹിതദാസ് എന്ന അസാമാന്യ തിരക്കഥ വൈഭവത്തിനു മുന്നിൽ കലാകേരളം ശിരസ്സ് നമിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് തനിയാവർത്തനങ്ങളില്ലാത്ത കലാസൃഷ്ടികളാണ് ഇതിഹാസ സംവിധായകനിൽ നിന്ന് ഉണ്ടായതത്രയും.

കഥാപാത്രങ്ങൾക്കൊപ്പം ഒഴുകി ഒരു കലാകാരനും സഞ്ചരിക്കുന്ന ചരിത്രം, അതായിരുന്നു അതുല്യ കലാകാരൻ ലോഹിതദാസിന്റെ സിനിമാ ജീവിതം. തനിയാവർത്തനം, കിരീടം, ദശരഥം, മൃഗയ, കുട്ടേട്ടൻ, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അമരം, കമലദളം, വെങ്കലം, വാൽസല്യം പാഥേയം, ചെങ്കോൽ, സല്ലാപം, ഭൂതക്കണ്ണാടി, കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ജോക്കർ, അരയന്നങ്ങളുടെ വീട്, സൂത്രധാരൻ, കസ്തൂരിമാൻ, നിവേദ്യം തുടങ്ങി പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്ന അദ്ദേഹത്തിന്റെ ചുരുക്കം ചില ചിത്രങ്ങൾ എടുത്താൽ തന്നെ മനുഷ്യ ബന്ധങ്ങളെയും ഇടയിൽ പെട്ടുപോകുന്ന നനുത്ത വികാരങ്ങളെയും തനിമ ചോരാതെ തന്റെ പ്രബന്ധമാകുന്ന വെള്ളിത്തിരയിലേക്ക് എത്തിച്ച കലയോടുള്ള അഭിനിവേശം ഒരിക്കലും ചോർന്നുപോകാത്ത ഒരു ഗവേഷകനെ നമുക്ക് കാണാൻ കഴിയും.

വാൽസല്യത്തിലെ ഏട്ടൻ കഥാപാത്രത്തിനൊപ്പം ഒന്നു തേങ്ങി പോകാത്ത, തനിയാവർത്തനത്തിലെ ബാലൻ മാഷുടെ സംഘർഷങ്ങളിൽ പങ്കുചേരാത്ത, കസ്തൂരിമാനിലെ പ്രിയംവദയുടെ അതിജീവനത്തോട് അലിവു തോന്നാത്ത, ജോക്കറിലെ കോമാളിക്കൂട്ടങ്ങളുടെ ആരും അറിയാതെ പോയ വേദനകളോട് മാപ്പ് പറയാത്ത, സൂത്രധാരനിലെ ശരീരം വിറ്റ് ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ നിവർത്തികേടുകളോട് സമരസപ്പെടാത്ത, തിരിച്ചുപിടിക്കാൻ കഴിയാത്ത അത്രയും ആഴങ്ങളിലേക്ക് സ്വന്തം ജീവിതം നഷ്ടപ്പെട്ടുപോയ കിരീടത്തിലെ കുപ്രസിദ്ധ കുറ്റവാളി സേതുമാധവന്റെ തീരാ ദുഃഖത്തിൽ കണ്ണു നനയാത്ത മലയാളികൾ ലോഹിത ലോഹിതദാസ് കാലഘട്ടത്തിലും സിനിമാപ്രേമികൾക്കിടയിലും ഒരിക്കലും ഉണ്ടാവില്ല എന്ന് ഉറപ്പ്.

വെള്ളിത്തിരയിലെത്തിയ തന്റെ ചിത്രങ്ങൾ അത്രയും സ്വന്തം ജീവിതത്തിൽ നിന്നോ ചുറ്റുമുള്ള മനുഷ്യരിൽ നിന്നോ ലോഹിതദാസ് അടർത്തിയെടുത്ത കഥകൾ ആയിരുന്നു. 44 ഓളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയപ്പോൾ 12 ഓളം ചിത്രങ്ങൾ അദ്ദേഹം സ്വന്തമായി സംവിധാനവും ചെയ്തു. മിക്കതിലും ഇതിവൃത്തം മനുഷ്യത്വവും മനുഷ്യബന്ധങ്ങളും മാത്രം. കച്ചവടത്തിനപ്പുറത്ത് പ്രേക്ഷകന് കലയെ നേരിൽ കാണാൻ കഴിയുന്ന അനുഭവം കൂടിയായിരുന്നു ലോഹിതദാസ് സിനിമകൾ. ലോഹിതദാസിന്റെ ഓർമ്മകൾക്ക് പതിനഞ്ചാണ്ട് തികയുകയാണ്.

നാടകങ്ങളുടെയും ചെറുകഥകളുടെയും ലോകത്തുനിന്ന് മലയാള സിനിമയുടെ ഇടനാഴിയിലേക്ക് അനുഗ്രഹീത നടൻ തിലകന്റെ കൈ പിടിച്ചെത്തിയ ലോഹിതദാസ് എന്ന ഇതിഹാസം സിനിമ ശാഖയിൽ ഒരിക്കലും വാടാത്ത ‘കഥാകമലദള’മായി എന്നും അവശേഷിക്കും.

Leave a Reply