Spread the love

കൊച്ചി∙ വിദ്യാർഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ച എറണാകുളം മഹാരാജാസ് കോളജ് വീണ്ടും തുറന്നു. കോളജ് അധികൃതരുമായുള്ള ചർച്ചയെ തുടർന്ന് കോളജ് തുറന്നെങ്കിലും ആദ്യ ദിവസം കുറച്ച് വിദ്യാർഥികൾ മാത്രമാണ് എത്തിയത്. അതിനിടെ കോളജിൽ എസ്‌എഫ്ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുൾ നാസറിനെ വെട്ടിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ സമരം തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോളജിൽ സംഘർഷം തുടങ്ങിയത്.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൾ നാസറിന് കോളജിൽ വെട്ടേൽക്കുകയായിരുന്നു. ഇതിനു പിന്നിൽ കെഎസ്‍യു–ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്ന് എസ്എഫ്ഐ പറഞ്ഞിരുന്നു. എസ്എഫ്ഐക്കാർ തങ്ങളുടെ നേതാക്കള്‍ക്കെതിരെ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‍യുവും രംഗത്തെത്തി.

ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചതോടെയാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളജ് പ്രത്യേക സമിതിക്ക് രൂപം നൽകിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി കൊടുത്തിട്ടുണ്ട്.

Leave a Reply