മലയാള സിനിമ ഒടിടിയില്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മനസ്സ് തുറന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. കൊവിഡ് കാലത്ത് മികച്ച വരുമാനമാണ് ഒടിടിയില്‍ നിന്ന് മലയാള ചിത്രങ്ങള്‍ നേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് അവിടെ കച്ചവടമാകുന്നത്. അതിന്‍റെ കാരണങ്ങളും ഒരു മലയാള സിനിമയ്ക്ക് നിലവില്‍ ഒടിടിയില്‍ ലഭിക്കുന്ന പരമാവധി തുക എത്രയെന്നും പറയുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. രേഖാചിത്രം എന്ന ഏറ്റവും പുതിയ വിജയ ചിത്രം ഉള്‍പ്പെടെ നിര്‍മ്മിച്ച ആളാണ് അദ്ദേഹം.
“കുറേയധികം ഒടിടിക്കാര്‍ മലയാളത്തിലെ നിര്‍മ്മാതാക്കളാല്‍ത്തന്നെ പറ്റിക്കപ്പെട്ടു. 5 കോടി ബജറ്റിലെടുത്ത പടം ഒടിടി ചര്‍ച്ചയില്‍ അവരോട് പറയുന്നത് 15 കോടിയുടെ പടം എന്നാണ്. അവരോട് ചോദിക്കുന്നത് 10 കോടിയും. അവസാനം ഒരു 9 കോടിക്ക് അവര്‍ സിനിമ എടുക്കും. തിയറ്ററില്‍ ആ സിനിമ വാഷ് ഔട്ട് ആവും. ഒടിടിയില്‍ വരുമ്പോള്‍ കാണാനുള്ള ആളുകള്‍ വളരെ കുറവായിരിക്കും. 9 കോടിക്ക് വാങ്ങിയ സിനിമയില്‍ നിന്ന് അവര്‍ക്ക് വന്നിരിക്കുന്ന റവന്യൂ 2- 3 കോടി ആയിരിക്കും. ഇത് സ്ഥിരമായി സംഭവിച്ചുകൊണ്ടിരുന്നു. പിന്നെ പരിചയങ്ങള്‍ വഴിയുള്ള പിന്‍വാതില്‍ ഡീലുകളും നടന്നിരുന്നു. പോകെപ്പോകെ അവര്‍ ഈസിയായി കാര്യം മനസിലാക്കി.”
“പിന്നെ ഏറ്റവും വലിയ ദുരന്തം, മലയാള സിനിമ രാവിലെ റിലീസ് ആയാല്‍ വൈകുന്നേരമാകുമ്പോള്‍ ടെലഗ്രാമില്‍ അടക്കം വരും. അത് കാണാനായി ജനങ്ങള്‍ കാത്തിരിക്കുകയുമാണ്. അങ്ങനെയും റവന്യൂ നഷ്ടപ്പെടുകയാണ്. ഇപ്പോള്‍ ഏത് ഒടിടിയില്‍ കൊടുത്തിരിക്കുന്ന സിനിമയും എത്രയോ യുട്യൂബ് ചാനലുകളില്‍ കാണാന്‍ പറ്റും. അങ്ങനെയൊക്കെ വന്നപ്പോള്‍ ഒടിടിയില്‍ വ്യൂവേഴ്സ് കുറഞ്ഞുവന്നു. അതുകൊണ്ടാണ് അവര്‍ക്ക് താല്‍പര്യം പോയത്. ഇപ്പോള്‍ പടം തിയറ്ററില്‍ ഓടിയാല്‍ അവര്‍ ഒരു വില പറയും. എന്‍റെ അറിവില്‍ മലയാള സിനിമ ഇനി ഡബിള്‍ ഡിജിറ്റില്‍ ആരും എടുക്കില്ലെന്ന് ഇതിനകം തീരുമാനിച്ചു എന്നാണ് പറയുന്നത്. അതായത് 10 കോടിക്ക് മുകളില്‍ ആരും എടുക്കുന്നില്ല”, വേണു കുന്നപ്പിള്ളി പറഞ്ഞവസാനിപ്പിക്കുന്നു.