കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഓണ സമൃദ്ധി-2022’ നാടന്‍ പഴം -പച്ചക്കറി കര്‍ഷക ചന്തകള്‍ക്ക് ജില്ലയില്‍ തുടക്കമായി. വിപണിയുടെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം. എൽ. എ സിവിൽ സ്റ്റേഷന് മുന്നിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ അധ്യക്ഷയായി. ആദ്യ വില്പന മലപ്പുറം നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി. കെ സകീർ ഹുസൈൻ നിർവഹിച്ചു.
ജില്ലയിൽ 130 ചന്തകൾക്കാണ് തുടക്കമായത്. കൃഷി വകുപ്പിന്റെ കീഴില്‍ 120 കര്‍ഷക ചന്തകളും വി.എഫ്.പി.സി.കെയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ആഭിമുഖ്യത്തില്‍ 10 കര്‍ഷകചന്തകളുമാണ് ആരംഭിച്ചത്. ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന ചന്തയ്ക്കും തുടക്കമായിട്ടുണ്ട്.
പ്രാദേശിക കര്‍ഷകരില്‍ നിന്ന് 10 ശതമാനം അധിക വിലക്ക് സംഭരിച്ച പഴം പച്ചക്കറി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിപണിവിലയുടെ 30 ശതമാനം കുറഞ്ഞ വിലക്കാണ് ലഭിക്കുക. ഉത്തമകൃഷി മുറയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 20 ശതമാനം അധികവില നല്‍കി സംഭരിക്കുകയും പൊതുവിപണി വില്‍പന വിലയില്‍ നിന്നും 10 ശതമാനം കുറഞ്ഞ വിലക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഓണചന്തകള്‍ സെപ്തംബര്‍ ഏഴിന് അവസാനിക്കും.
പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. പി സൈബുനീസ, മലപ്പുറം അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ വിനോദ്, മലപ്പുറം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. കെ ബിന്ദു, അസിസ്റ്റന്റ് പ്രിൻസിപ്പൽ ഓഫീസർ ആർ. നിമ്മി, ടെക്നിക്കൽ അസിസ്റ്റന്റ് അനൂപ്, കൃഷി അസിസ്റ്റന്റുമാരായ വിനോദ് കുമാർ, കവിത എന്നിവരും കർഷകരും പങ്കെടുത്തു.