Spread the love

കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 994–ാം വ്യക്തിയാണ് ചാണ്ടി ഉമ്മൻ. 1965–ലെ തിരഞ്ഞെടുപ്പിൽ മാത്രം വിജയിച്ച് അംഗങ്ങളാകാൻ അവസരം ലഭിക്കാത്ത 32 പേർ ഉൾപ്പെടെയാണിത്. ശേഷിച്ച 962 പേരോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട 9 പേർ കൂടി ഉൾപ്പെടുമ്പോൾ 971 പേർക്കാണ് ഇതുവരെ എംഎൽഎ ആകാൻ അവസരം ലഭിച്ചത്. ഇലക്‌ഷൻ ട്രൈബ്യൂണൽ (1961) എതിർസ്‌ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതിനാൽ നിയമസഭാംഗത്വം നഷ്‌ടപ്പെട്ട പി. കുഞ്ഞിരാമൻ (രണ്ടാം നിയമസഭ, 1960) ഉൾപ്പെടെയുള്ള കണക്കാണിത്. കോടതി വിധിയിലൂടെ മാത്രം അംഗത്വം ലഭിച്ച ഒരാളും (ജോർജ് മസ്‌ക്രീൻ) ഇതിൽ ഉൾപ്പെടുന്നു.

കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 994–ാം വ്യക്തിയാണ് ചാണ്ടി ഉമ്മൻ. 1965–ലെ തിരഞ്ഞെടുപ്പിൽ മാത്രം വിജയിച്ച് അംഗങ്ങളാകാൻ അവസരം ലഭിക്കാത്ത 32 പേർ ഉൾപ്പെടെയാണിത്. ശേഷിച്ച 962 പേരോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട 9 പേർ കൂടി ഉൾപ്പെടുമ്പോൾ 971 പേർക്കാണ് ഇതുവരെ എംഎൽഎ ആകാൻ അവസരം ലഭിച്ചത്.

ഇലക്‌ഷൻ ട്രൈബ്യൂണൽ (1961) എതിർസ്‌ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതിനാൽ നിയമസഭാംഗത്വം നഷ്‌ടപ്പെട്ട പി. കുഞ്ഞിരാമൻ (രണ്ടാം നിയമസഭ, 1960) ഉൾപ്പെടെയുള്ള കണക്കാണിത്. കോടതി വിധിയിലൂടെ മാത്രം അംഗത്വം ലഭിച്ച ഒരാളും (ജോർജ് മസ്‌ക്രീൻ) ഇതിൽ ഉൾപ്പെടുന്നു.
∙ ആദ്യ ‘പുതുപ്പള്ളി’ മണ്ഡലം കായംകുളത്ത്!

ഉപതിരഞ്ഞെടുപ്പു നടന്ന കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലം 1953ലാണ് രൂപീകരിച്ചത് എന്നാൽ അതിനു മുൻപും ‘പുതുപ്പള്ളി’ നിയമസഭാമണ്ഡലം ഉണ്ടായിരുന്നു. 1951 മേയ് 15ലെ രാഷ്ട്രപതിയുടെ ഉത്തരവു പ്രകാരമാണ് പുതുപ്പള്ളി എന്ന പേരുമായി ഒരു നിയോജകമണ്ഡലം തിരുവിതാംകൂർ – കൊച്ചിയിലെ കൊല്ലം ഡിസ്ട്രിക്ടിൽ രൂപീകരിച്ചത്. കരുനാഗപ്പള്ളി താലൂക്കിലെ കുലശേഖരപുരം, പെരുനാട്, പുതുപ്പള്ളി, തഴവ പകുതികൾ ഈ മണ്ഡലത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഈ നിയോജകമണ്ഡലത്തിലെ ഏകതിരഞ്ഞെടുപ്പ് 1951 ഡിസംബർ 18നു നടന്നു. കാമ്പിശേരി കരുണാകരൻ (കമ്യൂണിസ്റ്റ്) ആയിരുന്നു വിജയി. കായംകുളത്തിനും ഓച്ചിറയ്ക്കും ഇടയിലാണ് ‘പുതുപ്പള്ളി’ എന്ന ഗ്രാമം. ഇന്ന് ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ ഒരു വില്ലേജ് മാത്രം. ദേവികുളങ്ങര പഞ്ചായത്തിലുൾപ്പെടുന്നു.

മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകപങ്കു വഹിച്ച വിപ്ലവകാരിയാണു പുതുപ്പള്ളി രാഘവൻ. സ്വാതന്ത്ര്യസമരസേനാനി, എഴുത്തുകാരൻ, വിവർത്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു അദ്ദേഹം.

പുതുപ്പള്ളിയുടെ നായകർ

പുതുപ്പള്ളിയുടെ അഞ്ചാം എംഎൽഎയാണ് ചാണ്ടി ഉമ്മൻ.തിരുവിതാംകൂര്‍ – കൊച്ചി സംസ്ഥാനത്ത് 1953 ഡിസംബർ 7 നാണ് ‘പുതുപ്പള്ളി’ എന്ന പേരില്‍ ഒരു നിയോജകമണ്ഡലം രൂപീകരിച്ചത്. ചങ്ങനാശ്ശേരി താലൂക്കിലെ പുതുപ്പള്ളി, കോട്ടയം താലൂക്കിലെ പാമ്പാടി വില്ലേജുകളാണ് ഈ മണ്ഡലത്തിൽ അന്ന് ഉൾപ്പെടുത്തിയിരുന്നത്.

  1. ഡോ. പി.ടി. തോമസ്

1954 ഫെബ്രുവരി 15ന് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഡോ. പി.ടി. തോമസ് പാലാമ്പടം (കോൺഗ്രസ്) വിജയിച്ചു. വി.ജെ. സഖറിയാ (കരപ്പാറ കറിയാച്ചൻ) (പിഎസ്പി) ആയിരുന്നു മുഖ്യ എതിരാളി. ഭൂരിപക്ഷം 6097.

1951ലെ തിരഞ്ഞെടുപ്പിൽ വിജയപുരം നിയോജകമണ്ഡലത്തിൽ നിന്ന് ഡോ. പി.ടി. തോമസ് എതിരില്ലാതെ വിജയിച്ചിരുന്നു. മറ്റു സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകൾ തള്ളിപ്പോകുകയാണുണ്ടായത്. ഏബ്രഹാം മാണി (ഐക്യമുന്നണി), പത്രോസ് പാമ്പാടി (സ്വതന്ത്രൻ) എന്നിവരും പത്രിക സമർപ്പിച്ചിരുന്നു. കോട്ടയം താലൂക്കിലെ വിജയപുരം എ, ബി, പാമ്പാടി എന്നീ പകുതികളാണ് ഈ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്നത്. 1953ൽ രൂപം മാറിയ വിജയപുരം 1956ൽ ഇല്ലാതായി.

1892 ൽ ജനിച്ച ഡോ. പി.ടി. തോമസ് കോട്ടയം മുനിസിപ്പൽ ചെയർമാനും ട്രോപ്പിക്കൽ പ്ലാന്റേഷൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ആയിരുന്നു. 1959 ഫെബ്രുവരി 1ന് നിര്യാണം. പിതാവ് പി.ടി. തോമസ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു (1924 – 1925). സി.ജെ. കുര്യൻ നിര്യാതനായ ഒഴിവിൽ കോട്ടയം നിയോജകമണ്ഡലത്തിൽ 1924 ഏപ്രിൽ അവസാനം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം അംഗമായത്.

  1. പി.സി. ചെറിയാൻ

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം പുതുപ്പള്ളിയിൽ നിന്നുള്ള ആദ്യ എംഎൽഎ. കോൺഗ്രസ് സ്ഥാനാർഥിയായ ഇദ്ദേഹം 1957ലും 1960ലും ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെട്ടു.

1917 ഫെബ്രുവരി 19നു ജനിച്ചു. ബിരുദാനന്തരബിരുദം, എൽഎൽബി. 1939 മുതൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. കോട്ടയം ഡിസിസി പ്രസിഡന്റ്, കെപിസിസി വൈസ് പ്രസിഡന്റ്, ഐഎൻടിയുസി നേതാവ്. രണ്ടു പത്രങ്ങളും അദ്ദേഹം നടത്തിയിരുന്നു. കോട്ടയത്തുനിന്നു ഡമോക്രാറ്റും കൊച്ചിയിൽനിന്ന് എ.പി.ഉദയഭാനു പത്രാധിപരായി ദീനബന്ധുവും. കോൺഗ്രസ് പിളർപ്പിനെ തുടർന്ന് സംഘടനാ കോൺഗ്രസിലും അതുവഴി ജനതാപാർട്ടിയിലും പ്രവർത്തിച്ചു. 1989 ഓഗസ്റ്റ് 31ന് നിര്യാണം.

  1. ഇ.എം. ജോർജ്

സിപിഎം സ്ഥാനാർഥിയായ ഇ.എം. ജോർജ് 1965ലും 1967ലും വിജയിച്ചു. 1965 മാർച്ച് 4നു നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭ രൂപീകരിച്ചെങ്കിലും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ പിരിച്ചുവിടുകയായിരുന്നു. ഒരു കക്ഷിക്കും മന്ത്രിസഭ രൂപീകരിക്കാൻ കഴിയാതെ പോയതായിരുന്നു കാരണം. അതുകൊണ്ട് 3–ാം കേരള നിയമസഭയിൽ മാത്രമാണ് അദ്ദേഹം അംഗമായത്.

1926 ഫെബ്രുവരി 15നു ജനിച്ചു. അഭിഭാഷകൻ. സിപിഎം സംസ്ഥാന കമ്മറ്റിയംഗം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. പല തവണ ജയിൽവാസം അനുഭവിച്ചു. പൊലീസ് മർദനത്തിന് വിധേയനായിട്ടുണ്ട്. 1999 മേയ് 13ന് നിര്യാണം.

  1. ഉമ്മൻ ചാണ്ടി

1970 മുതൽ 2021 വരെ 12 വിജയം. കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ്. മരണം വരെ 19,078 ദിവസം (52 വർഷം 2 മാസം 25 ദിവസം) എംഎൽഎ ആയിരുന്നു. 1943 ഒക്ടോബർ 31ന് ജനനം. രണ്ടു തവണ മുഖ്യമന്ത്രി, നാലു തവണ മന്ത്രി, ഒരു തവണ പ്രതിപക്ഷനേതാവ്. 2023 ജൂലൈ 18ന് നിര്യാണം. പിതാമഹൻ വി.ജെ. ഉമ്മൻ ശ്രീമൂലം പ്രജാസഭയിലും (1926, 1927) തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു (1928 – 1931).

Leave a Reply